മണ്ണാര്‍ക്കാട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റും സെക്രട്ടറിയും ആത്മീയ വഴികാട്ടികളുമായിരുന്ന മര്‍ഹൂം കണ്ണിയത്ത് അഹമ്മദ് മുസ് ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ പേരിലുള്ള ഉറൂ സ് മുബാറക്കും അനുസ്മരണ സമ്മേളനവും ബുധനാഴ്ച രാവിലെ 10 മണിക്ക് നെല്ലിപ്പുഴ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9.30ന് മൗലീദ് പാരായണത്തോടെ തുടക്കം കുറിച്ച് ഉച്ച യ്ക്ക് ഒരുമണിക്ക് സമാപനപ്രാര്‍ത്ഥനാസംഗമത്തോടെ ചടങ്ങ് സമാപിക്കും. എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ 2015ല്‍ തുടക്കം കുറിച്ച മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററിന്റെ പത്താംവാര്‍ഷിക പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയാകും. യുവപണ്ഡിതനും വാഗ്മിയുമായ ഷുഹൈബ് ഹൈതമി മുഖ്യപ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഒ.പി അഷ്‌റഫ് ആമുഖപ്രഭാഷണം നടത്തും. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, ശരീഫ് അന്‍വര്‍, ടി.കെ സുബൈര്‍ മൗലവി, പി.കെ ആഷിഖ് ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.