അഗളി: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഉദ്യമ വരുമാന ദായക പദ്ധതിയായ നമ്മ്ത്ത് വെള്ളാമെ പ്രോജക്ടിന്റെ ഭാഗമായി പുതൂര്‍ പഞ്ചായത്തിലുള്ള സ്വര്‍ണ്ണഗദ്ധ നഗറില്‍ വെച്ച് പാരമ്പര്യ കാര്‍ഷിക കൊയ്ത്തുത്സവ മായ രാജകമ്പളം നടത്തി. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫിസറുമായ ഡോ. മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണഗദ്ധ നഗര്‍മൂപ്പന്‍ രാമന്‍ സൂര മൂപ്പന്‍ അധ്യക്ഷനായി. ഐ.റ്റി.ഡി.പി അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ വി.കെ സുരേഷ് കുമാര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ അമൃത. കെ റിപ്പോര്‍ട്ട്, അഗളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രിന്‍സ് റഷീദ്, ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാഹുല്‍, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.എ ജംഷീര്‍, പട്ടിമാളം നഗര്‍മൂപ്പന്‍ രങ്കന്‍, ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അട്ടപ്പാടിയുടെ തന്നത് പാരമ്പര്യ കൃഷിയായ പഞ്ചകൃഷിയെ ആസ്പദമാക്കി, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയില്‍, നിലവില്‍ 41 നഗറുകളിലായി 1887.3 ഏക്കര്‍ കൃഷി ഭൂമിയില്‍ 1315 കര്‍ഷകര്‍ പാരമ്പര്യ കൃഷി ചെയ്ത് വരുന്നു. അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തെയും ഇതോടനുബന്ധിച്ചുള്ള ആചാരനുഷ്ഠാന കലകളെ നിലനിര്‍ത്തി കൊണ്ടു പോകുക, മണ്മറഞ്ഞു കൊണ്ടിരിക്കുന്ന പാരമ്പര്യ വിളകളെ സംരക്ഷിക്കുക, അട്ടപ്പാടിയുടെ ഭക്ഷണ സംസ്‌കാരം തിരിച്ചുകൊണ്ടുവരുക, ഇതു മൂലം അട്ടപ്പാടി ജനങ്ങള്‍ക്കിടയിലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുക, കാര്‍ഷിക പ്രവര്‍ത്തനം ചെയ്യുന്നതിലൂടെ ഭൂമി അന്യദീന പെടാതെ സംരക്ഷിക്കുക, യുവ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരുക, കാര്‍ഷിക പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വിളകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യം ഇന്നത്തെ വിപണിയില്‍ എടുത്തു കാണിക്കുക എന്നീ സദുദ്ദേശ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.