പാലക്കാട്: ബാങ്ക് ഇടപാടുകള്‍ക്കായി വരുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗത്തിലാണ് നിര്‍ദേശം. ബാങ്കില്‍ എത്തുന്നവര്‍ ഐസോലേഷന്‍, ക്വാറന്റൈന്‍ സാഹചര്യങ്ങളില്‍ കഴിയുന്നവരാണെങ്കില്‍ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
യോഗത്തിലെ തീരുമാനങ്ങളും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകളും:
* ജില്ലയിലെ ബാങ്കുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കുള്ളൂ.
* ബാങ്കുകളിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികളുടെ ആവശ്യം ഫോണ്‍ മുഖാന്തിരം അറിയിച്ചാല്‍ വീടുകളില്‍ പണം എത്തിക്കാനോ മറ്റ് ഉചിതമായ രീതിയില്‍ ബാങ്കിങ് സേവനം ലഭ്യമാക്കാനോ ബാങ്കുകള്‍ നടപടി സ്വീകരിക്കും.
* എന്‍.ആര്‍.ഐ.ക്കാര്‍ നേരിട്ട് ബാങ്കുകളില്‍ വരുന്ന സാഹചര്യം ഉണ്ടായാല്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം അസ്സല്‍ പാസ്‌പോര്‍ട്ട് കൊണ്ടുവരേണ്ടതാണ്.
* എന്‍.ആര്‍.ഐ.ക്കാര്‍ അക്കൗണ്ടുകളിലെ ഇടപാടുകള്‍ നേരത്തെ ബാങ്കുകളില്‍ അറിയിക്കണം.
* എ.ടി.എം ഉപയോഗിക്കുന്ന വ്യക്തികള്‍ എ.ടി.എമ്മിന്റെ വാതില്‍ തുറന്നിരിക്കുകയാണെങ്കില്‍ അവ അടയ്ക്കാതെ നോക്കണം. അടഞ്ഞാണ് ഇരിക്കുന്നതെങ്കില്‍ കൈപ്പത്തി ഉപയോഗിക്കാതെ തുറക്കേണ്ടതാണ്.
* എ.ടി.എം ഉപയോഗിക്കുന്നവര്‍ കഴിവതും കൈകള്‍ ഉപയോഗിക്കാതെ പേന, ഫിംഗര്‍ കാപ്, ഗ്ലൗസ് എന്നിവ ഉപയോഗിച്ച് കീ പാഡ് പ്രവര്‍ത്തിക്കണം.
ഹോം ഐസോലേഷന്‍/ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളും ബന്ധുകളും ബാങ്കിങ് സേവനത്തിനായി ബാങ്കുകളിലേക്ക് വരരുതെന്ന നിര്‍ദേശം ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.