മുക്കാലി: സൈലന്റ് വാലി വനവികസന ഏജന്‍സിയുടെ കീഴിലുള്ള കരുവാര എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി, ഉണര്‍വ് വനിതാവേദിയുടെ സഹായത്തോടെ മുക്കാലിയില്‍ ഗോത്രവനിതകള്‍ക്കായി തുന്നല്‍ പരിശീലനകേന്ദ്രം തുടങ്ങി. 25 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. സമീപവാസികളായ സ്ത്രീകളേയും ഉള്‍ പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണംകൂടി ലക്ഷ്യമിട്ട് തുണി സഞ്ചികളാണ് ഇവിടെ തുന്നിയെടുക്കുന്നത്. വനശ്രീ ഇക്കോ ഷോപ്പുകളിലെ ഉത്പന്നങ്ങളെല്ലാം ഇനി മുതല്‍ ഇത്തരം സഞ്ചികളിലാക്കിയാണ് നല്‍കുക. കരുവാര ഗോത്ര ഗ്രാമത്തിലുള്ള വനിതകള്‍ക്ക് തൊഴില്‍ നല്‍കി ശാക്തീകരിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമി ടുന്നത്. 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന ഉണര്‍വിന് വായനശാലയുമുണ്ട്. സൗജന്യമായി പി.എസ്.സി. പരിശീലനക്ലാസുകള്‍, ഓണ്‍ലൈന്‍ സേവനങ്ങളും ഇവിടെ ലഭ്യമാക്കി വരുന്നു. സ്‌കൂളുകളിലെത്തി കുട്ടികള്‍ക്ക് വായിക്കാനായി പുസ്തകങ്ങള്‍ നല്‍കിവരുന്ന ബാലവേദിയുമുണ്ട്. തുന്നല്‍ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജു വര്‍ഗീസ് നിര്‍വഹിച്ചു. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ എന്‍. ഗണേശന്‍, വി.എസ്. വിഷ്ണു, എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ സംസാരിച്ചു.