പാലക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള ജില്ലാതല തദ്ദേശ അദാലത്ത് ഈ മാസം 19ന് നടക്കും. മണപ്പുള്ളിക്കാവിലുള്ള കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ വകുപ്പ് മന്ത്രി എം.ബി.രാജേഷി ന്റെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. പരാതികള്‍ adalat.lsgkerala.gov.in എന്ന സിറ്റിസണ്‍ അദാലത്ത് പോര്‍ട്ടല്‍ വഴി ആഗസ്റ്റ് 13 വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ എല്‍. എസ്.ജി.ഡി ജോയിന്‍ ഡയറക്ടര്‍ എം.കെ ഉഷ അറിയിച്ചു. ലൈഫ്, അതിദാരിദ്ര്യം, ജീവനക്കാരുടെ വിഷയങ്ങള്‍ ഒഴിച്ചുള്ള 11 വിഷയങ്ങളാണ് പരിഗണിക്കുക. അഞ്ചു ഉപജില്ലാ സമിതി കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍് പരാതികള്‍ ഫീല്‍ഡ് തല അന്വേഷണം നടത്തി പരിഹരിക്കുകയാണ് ഉദ്ദേശം. അദാലത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളി ന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി. ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാതല ജനപ്രതിനിധികള്‍ എന്നിവര്‍ സംഘാടക സമിതി രക്ഷാധികാരികളാണ്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നാലാം നൂറുദിന പരിപാടി ഒക്ടോബര്‍ 22വരെ തുടരുന്നതിന്റെ ഭാഗമായി ജില്ലകള്‍ തോറും സമാനമായി തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്.