കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മുളകുവള്ളം ഭാഗത്ത് വനത്തിനകത്ത് തമ്പടിച്ച കാട്ടാനകളെ സൈലന്റ് വാലി വനത്തിലേക്ക് തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ 11 മണിയോടെ മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍ കുമാര്‍ അറിയിച്ചു. പാലക്കാട്, അഗളി, മണ്ണാര്‍ക്കാട് എന്നിവടങ്ങളിലെ വനംവകുപ്പ് ദ്രുതപ്രതികരണ സേന അംഗങ്ങള്‍, തിരുവിഴാംകുന്ന് സ്റ്റേഷനിലെ വനപാലകര്‍, എലിഫന്റ് ഡ്രൈവ് വാച്ചര്‍മാര്‍, മണ്ണാര്‍ക്കാട് പൊലിസ് എന്നിവരുള്‍പ്പെട്ട സംഘമാണ് ദൗത്യത്തിനായിയിറങ്ങുക. മുളകുവള്ളം, കോട്ടാണി, മണ്ണാത്തി, തോട്ടപ്പായി, നെല്ലിക്കുന്ന്, മേലേക്കളം ഭാഗങ്ങളിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. ഈ ഭാഗങ്ങളില്‍ വനത്തിലൂടെ യാത്ര ചെയ്യുന്നവര്‍ വനംവകുപ്പ് അധികൃതരുടെ അനുമതി തേടിയശേഷമേ യാത്ര ചെയ്യാവൂയെന്നും അധികൃതര്‍ അറിയിച്ചു. ആഴ്ചകളോളമായി കാട്ടാനാകള്‍ കച്ചേരിപ്പറമ്പ്, കുണ്ടുകണ്ടം, കാഞ്ഞിരംകുന്ന് ഭാഗത്തിറങ്ങി കൃഷിനാശം വരുത്തുകയാണ്. പലതവണകളായി ആനകളെ പാണക്കാടന്‍ മലയിലേക്ക് കയറ്റിയെങ്കിലും ഇവ വീണ്ടും കാടിറങ്ങിയെത്തുകയായിരുന്നു. രാത്രികാലങ്ങളില്‍ കനത്തമഴയും ആനകളെ തുരത്തുന്നതിന് വനപാലകര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. വനാതിര്‍ത്തിയില്‍ ആനകള്‍ക്ക് തമ്പടിക്കാന്‍ പാകത്തില്‍ വളര്‍ന്നഅടിക്കാടുള്‍പ്പടെ കഴിഞ്ഞദിവസം വനംവകുപ്പിന്റെ നേതൃത്വത്തില്‍ വെട്ടിനീക്കുന്ന പ്രവര്‍ത്തി നടത്തിയിരുന്നു. ഇതിന് ശേഷമാണ് ശല്ല്യക്കാരായ കാട്ടാനകളെ സൈലന്റ് വാലി വനത്തിലേക്ക് കയറ്റാനുള്ള ദൗത്യം ഇന്ന് ആരംഭിക്കുന്നത്.