മണ്ണാര്‍ക്കാട്: കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് 10 വര്‍ഷം കഠിനതടവും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലങ്കോട് ചീക്കണാംപാറ തെക്കേവാടി മൊയ്തീന്‍ ( 28)നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. ഗോവി ന്ദാപുരം ചെമ്മണാംപതി വടക്കേഗ്രാമത്തില്‍ പാര്‍ഥിപനെ (26) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് വിധി. ഇന്ത്യന്‍ശിക്ഷാനിയമം 307 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കണം. 324 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും 341 വകുപ്പ് പ്രകാരം ഒരു മാസം തടവുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2020ലാണ് കേസിനാസ്പദമായ സംഭവം. മൊയ്തീന്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് പാര്‍ഥിപന്‍ ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് ആക്രമിച്ചത്. ബൈക്കില്‍ പോ വുകയായിരുന്ന പാര്‍ഥിപനെ വീടിനുസമീപം തടഞ്ഞുനിര്‍ത്തി വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് കേസ്. യുവാവിന്റെ ശരീരത്തില്‍ 12 മുറി വുകളുണ്ടായിരുന്നു. പ്രതി നിരവധി കേസുകളിലും പ്രതിയാണ്.
കൊല്ലങ്കോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ആലത്തൂര്‍ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. സാമൂ ഹ്യപ്രതിബദ്ധത വെച്ച് ലഹരിവില്‍പന ചോദ്യം ചെയ്ത വ്യക്തിയെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ശിക്ഷയില്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിഴത്തുകയില്‍ നിന്ന് 50,000 രൂപ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ പി. ജയന്‍ ഹാജരായി.