കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമത്തില്‍ നിന്ന് വയറിളക്ക രോഗ ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേര്‍ ആശുപത്രി വിട്ടു. രണ്ട് പേര്‍ ചികിത്സയില്‍ തുടരുന്നു. വയറിളക്കം ബാധിച്ച് മരിച്ച മാതന്റെ മക്കളായ സന്തോഷ്, മനോജ്, മരുമകള്‍ സുന്ദരി എന്നിവരാണ് അസുഖം ഭേദമായതിനെ തുടര്‍ന്ന് തിരികെ വീട്ടിലെത്തിയത്. മായയും മകനുമാണ് ആശുപത്രിയില്‍ തുടരുന്നത്.

പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്നലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്തിന്റെ അധ്യക്ഷതയില്‍ ദ്രുത പ്രതികരണ സംഘം യോഗം ചേര്‍ന്നു. പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, എസ്.ടി. പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പുല്ലൂന്നിയില്‍ നില വില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആര്‍ക്കും സമ്പര്‍ക്കവിലക്കില്ല. രോഗലക്ഷണങ്ങളുള്ളവരുമായി മറ്റുള്ളവരുമായി ഇട പഴകുമ്പോള്‍ ജാഗ്രത പാലിക്കണം.സ്ഥിതിഗതികള്‍ ദിവസവും വിലയിരുത്തുന്നുണ്ട്. പുതുതായി രോഗലക്ഷണങ്ങള്‍ കാണുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ഒറ്റപ്പെടു ത്തുകയോ ചെയ്യരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നത്തുള്ളി അംഗനവാടി, മുണ്ടക്കാട്, സൗത്ത് പള്ളിക്കുന്ന്, കല്ല്യാണക്കാപ്പ്, വഴിക്കുന്ന്, ചങ്ങലീരി എന്നിവടങ്ങളിലും മെഡി ക്കല്‍ ക്യാംപ് നടത്തി. കുമരംപുത്തൂര്‍ ഗവ.ആയൂര്‍വേദ ഡിസ്പെന്‍സറിയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും ഗ്രാമം സന്ദര്‍ശിച്ചു. മെഡിക്കല്‍ ഡോ.പി.ആശ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് വിശദീകരിച്ചു. രോഗിയുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് പ്രതി രോധ മരുന്നുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഡി.വിജയലക്ഷ്മി, ആശാവര്‍ക്കര്‍ മാരായ ഉദയപ്രഭ, ശകുന്തള, അറ്റന്‍ഡര്‍ തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!