അലനല്ലൂര്‍ : അലനല്ലൂര്‍ – കൂമഞ്ചിറ റോഡില്‍ സ്‌കൂളുകള്‍ക്ക് സമീപത്തെ വെള്ളക്കെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും കൃഷ്ണാ എല്‍.പി.സ്‌കൂളിനുമടുത്താ യാണ് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്. മഴപെയ്യുമ്പോള്‍ വെള്ളം ഒഴുകിപോകാന്‍ അഴുക്കുചാലില്ലാത്തതാണ് പ്രശ്നം. ഈ ഭാഗത്ത് റോഡ് താഴ്ന്ന നിലയിലായതിനാല്‍ തന്നെ ചെറിയ മഴയില്‍ പോലും വെളളക്കെട്ടുണ്ടാകും. റോഡിന് കുറുകെ നിലംപതി പോലൊരു ക്രമീകരണവുമുള്ളതും വെള്ളക്കെട്ടിനിടയാക്കുന്നു. ചന്തപ്പടിയിലും സ്‌കൂ ള്‍ ജംങ്ഷനിലും ബസിറങ്ങി സ്‌കൂളുകളിലേക്ക് കാല്‍നടയായെത്തുന്ന വിദ്യാര്‍ഥികളെ വെള്ളക്കെട്ട് വലയ്ക്കുകയാണ്. പാതയോരത്തെ കടകളുടെമുന്നിലേക്ക് കയറിയാണ് വിദ്യാര്‍ഥികള്‍ ഈ ഭാഗം മറികടന്ന് പോകുന്നത്. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ചെളിവെള്ളം തെറിക്കുന്ന സാഹചര്യവുമുണ്ട്. റേഷന്‍കട ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കും റോഡിലെ വെള്ളക്കെട്ട് പ്രയാസംസൃഷ്ടിക്കുന്നു. റോഡ് ഉയര്‍ത്തുകയോ ഈ ഭാഗത്ത് അഴുക്കുചാല്‍ സംവിധാന മൊരുക്കുകയോ ആണ് പ്രശ്നത്തിന് പോംവഴിയെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം അലനല്ലൂര്‍ കൂമഞ്ചിറ കമ്പനിപ്പടി പെരിമ്പടാരി റോഡ് നവീകരണത്തിന് ഒന്നര കോടി രൂപയുടെ പദ്ധതി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ കടലാസു ജോലികള്‍ നടന്നുവരുന്നതായാണ് വിവരം. പുതിയപദ്ധതി പ്രകാരമുള്ള റോഡ് നവീകരണത്തി നായുള്ള കാത്തിരിപ്പിലാണ് നാട്ടുകാര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!