മണ്ണാര്‍ക്കാട് : കരിമ്പ അയ്യപ്പന്‍കോട്ടയില്‍ ഇടിമിന്നലില്‍ വീടിന് തീപിടിച്ച് മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയായി രുന്നു സംഭവം. മമ്പുറം ഓടാട്ടില്‍ മണികണ്ഠന്റെ ഓടുമേഞ്ഞ തറവാടുവീടാണ് തകര്‍ന്നത്. ഈ വീട്ടില്‍ കരിമ്പ സ്വദേശി കുന്നുംപുറം കെ.ജി.റെജിയും കുടുംബവും വാടകയ്ക്ക് താമസിച്ച് വരികയാണ്. സംഭവസമയത്ത് ഇവര്‍ വീടിന് പുറത്തായിരുന്നു. മേല്‍ക്കൂരയി ല്‍ അഗ്നിബാധ കണ്ടവര്‍ ഉടന്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങളും നടത്തി. ഈസമയംമഴയും ഉണ്ടായിരു ന്നു. ഉള്‍പ്രദേശമായ ഇവിടേക്ക് അഗ്നിരക്ഷാസേനയുടെ വാഹനമെത്തിയെപ്പോഴേക്കും നാട്ടുകാര്‍ വെള്ളമൊഴിച്ചും മറ്റും തീയണച്ചിരുന്നു. അതേസമയം പുകഉയര്‍ന്നിരുന്നു വെങ്കിലും മണ്‍ചുമരായതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് വാഹനത്തില്‍ നിന്നും അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തില്ല. കോങ്ങാട് അഗ്നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.കെ.ഷാജി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഗ്രേഡ് എ.കെ. ഗിരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. തകര്‍ന്ന വീടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വീടിനകത്ത് സൂക്ഷിച്ചിരുന്ന ആധാരം, പാസ്‌പോര്‍ട്ട്, ഡ്രൈവിംങ് ലൈസന്‍സ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ വിലപ്പെട്ട രേഖകള്‍ അഗ്നിബാധയെ തുടര്‍ന്ന് നശിച്ചതായി റെജി പറയുന്നു. ടി.വി, ഫ്രിഡ്ജ്, സെറ്റി തുടങ്ങിയ ഗൃഹോപകരണങ്ങളും നശിച്ചു. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നഷ്ടംനേരിട്ടതായി റെജി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!