മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലത്ത് കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ 3000 കോഴിക്കുട്ടികള്‍ ചത്തു. ഫാമിന്റെ ഷെഡും മുഴുവനായി കത്തിയമര്‍ന്നു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ടമംഗലം പനമ്പുള്ളി അരിയൂര്‍ ഫൈസല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കോഴിഫാമില്‍ തിങ്കളാഴ്ച രാത്രി 11നാണ് അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. റബര്‍തോട്ടത്തിന് നടുവിലായാണ് ഫാം സ്ഥിതിചെയ്യുന്നത്. ചൂടിനെ പ്രതിരോധിക്കാനായി ഫാമിനകത്ത് മുകള്‍ഭാഗത്തായി തകര ഷീറ്റിനടിയില്‍ തെങ്ങിന്റെയും കമുകിന്റെയും പട്ടകള്‍ സീലിങ് രൂപത്തില്‍ നിരത്തിവച്ചിരുന്നു. ഇതിനിടയിലൂടെയാണ് വയറിങ് കടന്നുപോകുന്നത്. കാലപ്പഴക്കം ചെന്ന വയറിങ് ആണിത്. 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വയറിങ് സംവിധാനത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വരികയും തീ പിടിത്തമുണ്ടാവുകയുമായിരുന്നു. ഇതോടെ സീലിങ് രൂപത്തില്‍വച്ചിരുന്ന ഉണക്കപട്ടകള്‍ക്ക് തീപിടിക്കുകയും ഫാമിനകത്തേക്ക് വീഴുകയുമായിരുന്നു. അന്യസംസ്ഥാനക്കാരാണ് ഇവിടെയുള്ള തൊഴിലാളികള്‍.രാത്രിയായതിനാല്‍ ഫാമിനകത്ത് ഇവരുണ്ടായിരുന്നില്ല. തീ ആളിപടരുകയും കോഴിക്കുട്ടികള്‍ ശബ്ദമുണ്ടാക്കിയതോടെയുമയാണ് തൊഴിലാളികള്‍ ഫാമിലേക്കെത്തിയത്. അപ്പോഴേക്കും തീ നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. ഉടന്‍ ഫാം ഉടമയെ ഇവര്‍ വിവരം അറിയിച്ചു. ഇദ്ദേഹം അഗ്നി രക്ഷാ സേനയിലും വിവരം നല്‍കി. സേനാംഗങ്ങള്‍ പെട്ടെന്നുതന്നെ സ്ഥലത്തെത്തി തീയണക്കാന്‍ തുടങ്ങി. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ പൂര്‍ണമായും കെടുത്തിയത്. അപ്പോഴേക്കും ഫാം പൂര്‍ണമായും അഗ്‌നിക്കിരയായിരുന്നു. 3300 കോഴിക്കുട്ടികളാണ് ഫാമിലുണ്ടായിരുന്നത്. 300 എണ്ണത്തിനെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞെങ്കിലും മറ്റു കോഴിക്കുട്ടികളെല്ലാം തീയില്‍ വെന്തുംചൂടേറ്റും ചാവുകയായിരുന്നു.മണ്ണാര്‍ക്കാട് നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജി. അജീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി. സുരേഷ് കുമാര്‍, ആര്‍. ശ്രീജേഷ്, കെ. പ്രശാന്ത്, ഷാജിത്, ഷോബിന്‍ ദാസ്, ടി. സന്ദീപ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.