അലനല്ലൂര്‍: ഒരു ഇടവേളയ്ക്കുശേഷം അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. പഞ്ചായത്ത് രൂപീകരണം സംബന്ധി ച്ച് ജനകീയ മുന്നേറ്റം നടത്തുന്നത് കൂടിയാലോചിക്കുന്നതിന് മെയ് അഞ്ചിന് വൈകിട്ട് 4.30ന് വട്ടമണ്ണപ്പുറം ടര്‍ഫില്‍ യോഗം ചേരാനാണ് കൂട്ടായ്മയുടെ തീരുമാനം.
പാലക്കാട് ജില്ലയുടെ ഒരു അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് അലനല്ലൂര്‍. മൂന്ന് ഭാഗവും മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍, മേലാറ്റൂര്‍, എടപ്പറ്റ, കരുവാരകുണ്ട് എന്നീ ഗ്രാമപഞ്ചായത്തുകളോടാണ് അതിര്‍ത്തി പങ്കിടുന്നത്. മറ്റൊരു ഭാഗം കോട്ടോപ്പാടം പഞ്ചായത്തുമാണ്. 1963ലാണ് പഞ്ചായത്ത് രൂപീകരിച്ചത്. 58.24 ചതുരശ്ര കീലോമീറ്റര്‍ വിസ്തൃതിയുണ്ട്. നിലവില്‍ 23 വാര്‍ഡുകളുള്ള പഞ്ചായത്ത് ജനസംഖ്യയിലും ഭൂവിസ്തൃ തിയിലും ജില്ലയില്‍ മുന്നില്‍ നില്‍ക്കുന്നു. 1995 മുതല്‍ തുടങ്ങിയതാണ് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വിഭജിക്കുകയെന്ന ആശയം. എന്നാല്‍ പലവിധ കാരണങ്ങളില്‍ തട്ടിയും മുട്ടിയും വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും യാഥാര്‍ത്ഥ്യമാവാതെ നീളുകയാണ്.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ വേര്‍തിരിച്ച് കടന്നുപോവുന്ന വെളളിയാര്‍പ്പുഴയെ അതിര്‍ത്തിയാക്കണമെന്നാണ് നേരത്തെ തന്നെയുളള നിര്‍ദ്ദേശം. ഇങ്ങനെ വിഭജിക്കു കയാണെങ്കില്‍ അലനല്ലൂരിന് 24 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും മലയോര പ്രദേശ മടക്കം എടത്തനാട്ടുകരക്ക് 34.24 ചതുരശ്ര കിലോമീറ്ററുമുണ്ടാവും. റവന്യു വില്ലേജ് ഓഫീസും എടത്തനാട്ടുകരക്കുണ്ട്. നിലവില്‍ വെളളിയാര്‍പ്പുഴയുടെ എതിര്‍വശം അലനല്ലൂര്‍ -3 എന്ന റവന്യു വില്ലേജ് എടത്തനാട്ടുകരയുടെ പരിധിയിലാണ്. കോട്ടപ്പ ളളയില്‍ സ്ഥിതിചെയ്യുന്ന ആരോഗ്യ വകുപ്പിന്റെ സബ് സെന്റര്‍ പി.എച്ച്.സിയാക്കി ഉയര്‍ത്തിയാല്‍ ജനത്തിന് സര്‍ക്കാര്‍ ആശുപത്രിയുടെ സേവനവും ലഭിക്കും. കൂടാതെ ടൗണിനോട് ചേര്‍ന്ന് തന്നെ പൊതു സ്ഥലവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതു കൊണ്ട് തന്നെ ഗ്രാമപഞ്ചായത്ത് അനുവദിക്കുകയാണെങ്കില്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം തിരയേണ്ടതുമില്ല.
അമ്പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുണ്ടെങ്കില്‍ ഗ്രാമപഞ്ചായത്ത് വിഭജി ക്കാമെന്നാണ് നേരത്തെ തന്നെ സര്‍ക്കാര്‍ ഇറക്കിയ നിര്‍ദ്ദേശങ്ങളിലുളളത്. കൂടാതെ 20 വാര്‍ഡുകളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വിഭജിക്കുകയൊ, ടൗണ്‍ പഞ്ചായത്തായി ഉയര്‍ത്തുകയൊ ചെയ്യണമെന്നും വ്യവസ്ഥകളുണ്ട്. എന്നാല്‍ അതൊന്നും തന്നെ അലനല്ലൂരിന്റെ കാര്യത്തില്‍ നടന്നില്ല. ഏത് ഘടനകള്‍ നോക്കിയാലും വിഭജിക്കാന്‍ എന്തുകൊണ്ടും യോഗ്യതകളുണ്ട് അലനല്ലൂരിന്. എടത്തനാട്ടുകര പഞ്ചായത്ത് നിലവില്‍ വന്നാല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.