മണ്ണാര്‍ക്കാട് : ചിറയ്ക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ ഗതാഗതം സുഗമമായതോടെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ചെറിയ പെരുന്നാളിനൊപ്പം വേനലവധിക്കാലവും ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ കാഞ്ഞിരപ്പുഴയിലേക്ക് എത്തുകയാ ണ്. വാക്കോടന്‍ മലയും അണക്കെട്ടും ഉദ്യാനവുമെല്ലാം മനോഹര കാഴ്ചകള്‍ സമ്മാനി ക്കുന്ന കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. താപ നില ഉയര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കിലും ഉദ്യാനത്തിനകത്ത് മരങ്ങള്‍ നല്‍കുന്ന തണല്‍ സന്ദര്‍ശകര്‍ക്ക് ആശ്വാസമേകുന്നു.കുടിവെള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിവസമായ ബുധനാഴ്ച ആയിരങ്ങളാണ് ഉദ്യാനത്തിലെത്തിയത്. വരുമാനം 80410 രൂപ. ടിക്കറ്റ് വരുമാനത്തിന് പുറമേ ബോട്ട് സവാരിയിലൂടെയും മറ്റുമാണ് ഇത്രയും കളക്ഷന്‍. ജില്ലയ്ക്കുപുറമേ മലപ്പുറത്തു നിന്നാണ് ഏറെയും സന്ദര്‍ശകര്‍ ഉദ്യാനത്തിലെ ത്തിയത്. ഇതില്‍ കുട്ടികളുടെ എണ്ണവും കൂടുതലായിരുന്നു. വേനല്‍ അവധി ആരംഭിച്ച ശേഷം ഉദ്യാനത്തില്‍ വലിയ തോതില്‍ തിരക്ക് അനുഭവപ്പെടുന്നത് ഇതാദ്യമാണ്.