മണ്ണാര്‍ക്കാട് : ദേശീയപാതയിലൂടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാ ര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കൈവരികളോടു കൂടിയ നടപ്പാതയും മേല്‍പ്പാല വും വേണം. പുതിയ അധ്യയന വര്‍ഷമെത്തുമ്പോഴേക്കും ഇതിനുള്ള നടപടിയുണ്ടാകു മെന്നാണ് പ്രതീക്ഷ. എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ കുമരംപുത്തൂര്‍ ഭാഗത്തേക്ക് ചുങ്കം വരെ നടപ്പാതയും കുന്തിപ്പുഴയ്ക്ക് സമീപത്തെ എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായി മേല്‍പ്പാലവും നിര്‍മിക്കണമെന്നാണ് ആവശ്യം. കോളജ്, സ്‌കൂളു കള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് ഈ ഭാഗം. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് ഇവിടേയ്ക്കെത്തുന്നത്. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ദേശീയപാത മുറിച്ച് കടക്കുന്നതും പാതയോരത്തുകൂടെ നടക്കുന്നതും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.

കോളജ് ഭാഗത്ത് ദേശീയപാത ചരിവോടെയും കയറ്റവും ഇറക്കവും വളവും ചേര്‍ന്ന നിലയിലാണ് ഉള്ളത്. ഇവിടെ അപകടഭീതിയും നിലനില്‍ക്കുന്നു. പാതയുടെ ഇരുവശ വും കാല്‍നടയാത്രക്ക് സുഗമമായ അവസ്ഥയിലുമല്ല. മഴക്കാലത്ത് മഴവെള്ളം കുത്തി യൊലിച്ചെത്തി രൂപപ്പെടുന്ന ചാലുകളിലൂടെയും കല്ലുകള്‍ക്ക് മുകളിലൂടെയും വേണം നടന്നുപോകാന്‍. ഇതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ കൂട്ടമായി റോഡിലേക്ക് കയറിയാണ് നടക്കാറുള്ളത്. ഇടതടവില്ലാതെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് അരികിലൂടെ വിദ്യാര്‍ഥികള്‍ നടന്നുപോകുന്നതും ആശങ്കയുളവാക്കുന്ന കാഴ്ചയാണ്. കല്ലടി കോളജ് മുതല്‍ ചുങ്കം വരെയുള്ള ഭാഗത്തായാണ് സ്‌കൂള്‍, വില്ലേജ് ഓഫിസ്, ഗ്രാമ പഞ്ചായത്ത് ഓഫിസ്, കെ.എസ്.ഇ.ബി. ഓഫിസ്, ബാങ്കുകള്‍ തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ സൗകര്യപ്രദമായ നടപ്പാത ഈ ഭാഗത്ത് അനിവാര്യമാണെന്ന് പൊതുജനം പറയുന്നു.

ദേശീയപാത വികസിപ്പിച്ചപ്പോള്‍ നടവഴിയില്ലാതായാണ് പ്രതിസന്ധിക്ക് കാരണമായത്. നടപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മുതല്‍ മന്ത്രിതലം വരെ പരാതി നല്‍കിയിരുന്നു. നടപടിയായിട്ടില്ല. നഗരസഭാ അതിര്‍ത്തിയില്‍ കോളജിന് സമീപത്ത് നിന്നും കുന്തിപ്പുഴ പാലത്തിനടുത്ത് വരെ കൈവരികളോടു കൂടിയ നടപ്പാതയുണ്ട്. എന്നാല്‍ ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ ദേശീയപാത മുറിച്ച് കടക്കാന്‍ മേല്‍പ്പാലം അത്യാവശ്യമായി മാറുകയാണ്. വിദ്യാര്‍ഥികള്‍ക്ക് റോഡ്മുറിച്ച് കടക്കാന്‍ അധ്യാപകര്‍ സഹായമായി നില്‍ക്കുകയാണ് പതിവ്. ഇവിടെ സീബ്രാലൈനുണ്ടെങ്കിലും റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ വകവെയ്ക്കാതെ പലപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്നതും പ്രയാസമുണ്ടാക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!