പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കണ്ട്രോള് റൂം സജ്ജീകരിച്ചു. ജില്ലാ കലക്ടര്‍ എം. എസ് മാധവിക്കുട്ടി കണ്ട്രോള് റൂമിലെ സജ്ജീകര ണങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി.ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ണ്ണമായും നിരീക്ഷിക്കുകയാണ് കണ്ട്രോള് റൂം ലക്ഷ്യമിടുന്നത്. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വെബ്കാസ്റ്റിങ് സംവിധാനം വഴി ഈ ബൂത്തുകളുടെ മുഴുവന്‍ സമയ നിരീക്ഷണം ഇവിടെനിന്ന് നടത്തും. പ്രശ്നബാധിത ബൂത്തുകളില്‍ ഓരോ വോട്ടറും വന്ന് വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങള്‍ തത്സമയം ഈ കണ്ട്രോള് റൂമില്‍ രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും ചെയ്യും.പോളിങ് വിവരങ്ങള്‍ തത്സമയം അപ്ഡേറ്റ് ചെയ്യുന്ന പോള്‍ മാനേജര്‍ ആപ്ലിക്കേഷന്റെ നിരീക്ഷണവും ഇവിടെ നിന്നാണ്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കുറ്റമറ്റതക്കാനും അവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനും ഉതകുന്നതാണ് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുമായി വോട്ടെടുപ്പിന്റെ തലേന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുന്നതു മുതല്‍ വോട്ടിങ് അവസാനിച്ച് തിരികെ സ്വീകരണ കേന്ദ്രത്തിലെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ തത്സമയം മേലധികാരികളെ അറിയിക്കുന്നതിനുള്ളതാണ് പോള്‍ മാനേജര്‍ ആപ്പ്. ഇതോടൊപ്പം, വോട്ടെടുപ്പ് തടസ്സപ്പെടുന്ന രീതിയിലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടാവുന്ന പക്ഷം ആപ്പിലെ എസ്ഒഎസ് ബട്ടന് അമര്‍ത്തിയാല്‍ വിവരം അപ്പോള്‍ തന്നെ പൊലിസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ലഭ്യമാവുന്ന സംവിധാനവും ഇതിലുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് ബൂത്തുകളില്‍ നിന്നുള്ള പോളിങ് വിവിരങ്ങളും പോള്‍ മാനേജര്‍ ആപ്പിലൂടെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ അപ്ഡേറ്റ് ചെയ്യും.മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പും കണ്ട്രോള് റൂമില്‍ പ്രവര്‍ത്തിക്കും.റവന്യൂ, അക്ഷയ, കെല്‍ട്രോണ്‍, പി.ആര്.ഡി., എന്‍.ഐ.സി. തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് കണ്ട്രോള് റൂമില്‍ നിയോഗിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ പി. സുരേഷ്കുമാര്‍, മീഡിയ റിലേഷന്‍ സമിതി കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായ പ്രിയ. കെ ഉണ്ണികൃഷ്ണന്, തെരഞ്ഞെടുപ്പ് ട്രെയിനിങ് നോഡല്‍ ഓഫിസര്‍ പി. മധു, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ ടോംസ്, കിഷോര്‍, അസിസ്സ്റ്റന്റ് എഡിറ്റര്‍ എം.പി അബ്ദുറഹ്മാന് ഹനീഫ്, അസിസ്റ്റന് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നീര്‍ജ ജേക്കബ് എന്നിവരും കലക്ടറെ അനുഗമിച്ചു.
