മണ്ണാര്‍ക്കാട്: പൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസം തേടുന്നവര്‍ക്ക് ഉളളം തണുപ്പിക്കാന്‍ കശുമാങ്ങാ ജ്യൂസും. വേനല്‍ കനത്ത് തുടങ്ങിയതോടെ ശീതളപാനീയവിപണിയില്‍ സാന്നിദ്ധ്യമറിയിച്ച് കശുമാങ്ങാനീരുമായി എത്തിയിരിക്കുകയാണ് പ്ലാന്റേഷന്‍ കോര്‍ പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് മണ്ണാര്‍ക്കാട് എസ്റ്റേറ്റ്. മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡരു കില്‍ ചുരത്തിനോട് ചേര്‍ന്ന് ആനമൂളി ചെക്പോസ്റ്റിന് സമീപത്തായാണ് കശുമാങ്ങാ ജ്യൂസ് പാര്‍ലര്‍ ഉള്ളത്. ധാതുക്കളുടെ ധാരാളിത്തമുള്ള കശുമാങ്ങാ ജ്യൂസ് ഒരു അമൂല്യ പാനീയമാണെന്ന് പറയാം. അതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറെയാണ്.
ചുരം കയറുന്നവര്‍ക്ക് ഉന്‍മേഷത്തോടെ യാത്ര തുടങ്ങാനും തിരികെയിറങ്ങുന്നവര്‍ക്ക് ക്ഷീണം മാറ്റി യാത്ര തുടരാനും ഈ മധുരനീര് ഗുണകരം. ഇരുചക്രവാഹനയാത്രക്കാര്‍ മുതല്‍ ടൂറിസ്റ്റ് ബസുകളിലെ സഞ്ചാരികള്‍ വരെ ഇവിടെ സന്ദര്‍ശകരാണ്. 30 രൂപയാണ് ഒരു ഗ്ലാസ് ജ്യൂസിന്റെ വില. ലിറ്ററിന് 100 രൂപയും. രുചിയറിഞ്ഞവര്‍ വീടുകളിലേക്ക് കുപ്പികളിലും കന്നാസുകളിലും വരെ കൊണ്ട് പോകുന്നുണ്ട്. മൂന്നാഴ്ച മുമ്പാണ് ജ്യൂസ് വില്‍പ്പന ആരംഭിച്ചത്.പ്രതിദിനം നാലായിരം രൂപ വരെ വില്‍പ്പന നടക്കുന്നുണ്ടെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു.
ജ്യൂസ് തയ്യാറാക്കുന്നതും വില്‍ക്കുന്നതുമെല്ലാം കശുവണ്ടി തോട്ടത്തിലെ തൊഴിലാളി കളാണ്. തോട്ടത്തിലെ കശുമാവുകളില്‍ നിന്നും പഴുത്തുവീഴുന്ന പഴങ്ങള്‍ തൊഴിലാളി കള്‍ രാവിലെ ശേഖരിക്കും. ഇവ ഷെഡ്ഡിലെത്തിച്ച് കഴുകിവൃത്തിയാക്കിയ ശേഷം യന്ത്രത്തിലിട്ടടിച്ച് നാരുനീക്കം ചെയ്യും. നീരിലെ കറ നീക്കുന്നതിനായി ചൗവ്വരി ചേര്‍ ത്തശേഷം നന്നായി ഇളക്കും. പിന്നീട് തുണിയില്‍ അരിച്ചെടുത്ത നീര് തണുപ്പിച്ച ശേഷമാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴില്‍ പാലക്കാട് ജില്ലയിലെ ഏക കശുവണ്ടി തോട്ടമാണ് മണ്ണാര്‍ക്കാടുള്ളത്. നൊട്ടമല മുതല്‍ തത്തേങ്ങലം വരെ 540 ഹെക്ടറില്‍ നാല് ഡിവിഷനുകളിലായി തോട്ടം സ്ഥിതി ചെയ്യുന്നു. മൂന്ന് ഡിവിഷനുകളിലെ മൂപ്പെത്തിയ മരങ്ങളെല്ലാം മുറിച്ച് നീക്കിയതിനാല്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ജ്യൂസ് ഉല്‍പ്പാദന മില്ല. ആനമൂളി ഡിവിഷനിലുള്ള 1200 മരങ്ങളാണ് ശേഷിക്കുന്നവ. 2014ലാണ് സ്‌ക്വാഷ് വിപണനം ആരംഭിച്ചത്. ഫെബ്രുവരിയില്‍ തുടങ്ങി മെയ് മാസത്തോടെ ജ്യൂസിന്റെ സീസണ്‍ അവസാനിക്കും.