തച്ചനാട്ടുകര: തച്ചനാട്ടുകര – അലനല്ലൂര്‍ – കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തുകള്‍ക്കാ യുള്ള 66 ലക്ഷം ലിറ്റര്‍ ഭൂതല ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം തച്ചനാട്ടുകര കൊടക്കാട് ഈവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ സംസ്ഥാനത്ത് 18 ലക്ഷത്തോളം ഗ്രാമീണ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനായി. ശേഷിക്കുന്ന കണക്ഷനുകള്‍ അടുത്ത രണ്ട് വര്‍ഷ ത്തില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. തടസങ്ങള്‍ ഇല്ലാതാക്കി കാര്യക്ഷമമായ നേട്ടം കൈവരിക്കാന്‍ നമുക്കാകുന്നുണ്ട്. കൂട്ടായ സഹകരണത്തോടെ സമയബന്ധിതമായി ഭൂതല ജലസംഭരണിയുടെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റപ്പാലം നിയോജകമണ്ഡലത്തിലുള്ള തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിനും മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലുള്ള അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകള്‍ക്കും വേ ണ്ടിയാണ് ഭൂതല ജലസംഭരണി നിര്‍മിക്കുന്നത്. കുന്തിപ്പുഴ മുറിയങ്കണ്ണികടവ് സ്രോത സായിട്ടുള്ള പദ്ധതി പ്രകാരം 2050 ലെ പ്രതീക്ഷിത ജനസംഖ്യയായ 1,61,542 പേര്‍ക്ക് പ്രതി ദിനം ആളോഹരി 100 ലിറ്റര്‍ ശുദ്ധജലം ലഭ്യമാകും. തച്ചനാട്ടുകര നാട്ടുകല്ലില്‍ ഭൂതലജല സംഭരണി നിര്‍മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്ത് പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സംസ്ഥാന വാട്ടര്‍ അതോറിറ്റി അംഗം ജോസ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം മെഹര്‍ബാന്‍, കോ ട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റുമാരായ ജസീന അക്കര, കെ.പി.എം സലിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, സി.പി.സുബൈര്‍, പി.മന്‍സൂറലി, ഇ.എം.നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.