അഗളി: അട്ടപ്പാടിയില്‍ മില്ലറ്റ് കൃഷി ഇപ്പോള്‍ സജീവമാണ്. മില്ലറ്റ് വില്ലേജ് പദ്ധതി പ്ര കാരമാണ് കൃഷി തുടരുന്നത്. 2017 ല്‍ പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് അട്ടപ്പാടി മേഖലയില്‍ 150 ഏക്കറോളമാണ് മില്ലറ്റ് കൃഷി ഉണ്ടായിരുന്നത്. ഒരു സീസണില്‍ ഏകദേശം 2500 ഏക്കറോളം മില്ലറ്റ് കൃഷി നിലവില്‍ ചെയ്യുന്നുണ്ട്. ഒരു വര്‍ഷം രണ്ട് സീസണുകളാണുളളത്. ഏപ്രില്‍-മെയ് മാസം മുതല്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ വരെ ഒന്നാം സീസണും സെപ്റ്റംബര്‍- ഒക്ടോബര്‍ മുതല്‍ ഡിസംബര്‍- ജനുവരി വരെ രണ്ടാം സീസണുമാണ്. പ്രാരംഭഘട്ടത്തില്‍ 40 ഊരുകളില്‍ ആരംഭിച്ച പദ്ധതി നിലവില്‍ 97 ഊരുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഒരു സീസണില്‍ ശരാശരി 250 ടണ്ണോളം മില്ലറ്റ്‌സ് ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ 40 ടണ്ണോളം പയര്‍വര്‍ഗങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.
ഒരു വര്‍ഷം രണ്ട് സീസണുകളിലായി ഈ 2500 എക്കറില്‍ കൂടുതലും റാഗിയും ചാമയുമാണ് കൃഷി ചെയ്യുന്നത്. പുറമെ കുതിരവാലി, കമ്പ്, മണിച്ചോളം എന്നിവയും കൃഷി ചെയ്തുവരുന്നു. ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലുമായി ആരംഭിച്ച ചെറുധാന്യ കാര്‍ഷിക പദ്ധതിയാണ് മില്ലറ്റ് ഗ്രാമം പദ്ധതി. ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത കൃഷിരീതി വീണ്ടെടുക്കുക, അട്ടപ്പാടി ജനതയുടെ തനത് ഭക്ഷണമായ മില്ലറ്റ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. പ്രകൃതിയോട് ഇണങ്ങിയുള്ള കൃഷി രീതിയാണ് മില്ലറ്റ് കൃഷി. പൂത്തുനില്‍ക്കുന്ന ചെറുധാന്യ പാടശേഖരങ്ങളും അവയുടെ വിളവെടുപ്പും കണ്ണിനിമ്പമേകുന്ന കാഴ്ചയാണ്.
741.97 ഹെക്ടര്‍ കൃഷിഭൂമിക്ക് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ പദവി
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി 2017-2020 വര്‍ഷങ്ങളില്‍ നടപ്പാക്കിയ മില്ലറ്റ് വില്ലേജ് പദ്ധതിയിലൂടെ 40 ഊരുകളിലെ 926 ചെറുധാന്യ കര്‍ഷകരുടെ 741.97 ഹെക്ടര്‍ കൃഷിഭൂമിക്ക് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ പദവി നേടിയെടുത്തു. 350 ഹെക്ടറിനായുളള സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ തുടരുകയാണ്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുളള അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കേരളത്തിലെ ജൈവ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി ആയ ഇന്‍ഡോസെര്‍ട്ട് മുഖേനയാണ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. എറണാകുളം ആലുവ കേന്ദ്രീകരിച്ചുള്ള ഏജന്‍സിയാണിത്. സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ജൈവ ലേബലില്‍ വിദേശത്തേക്കുള്‍പ്പെടെ കയറ്റുമതി ചെയ്യാന്‍ സാധിക്കും.
ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍
നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (എന്‍.പി.ഒ.പി) സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനായി പൂര്‍ണമായും കെമിക്കല്‍ രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷിരീതി അവലംബിച്ചിരിക്കണം. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലായിരിക്കണം കൃഷി ചെയ്യേണ്ടത്. സമീപത്തെ കൃഷിയിടങ്ങളില്‍നിന്നോ മറ്റ് മാര്‍ഗങ്ങളില്‍നിന്നോ മലിനീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ജൈവവളങ്ങള്‍ ഉപയോഗിച്ച് മണ്ണിനെ പരിപോഷിപ്പിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ്ക്ക് അനുസൃതമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതില്‍ ഊന്നിയാണ് ജൈവ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സര്‍ട്ടിഫിക്കേഷന്റെ അംഗീകൃത ഏജന്‍സി കൃഷിയിടം സന്ദര്‍ശിച്ച് പരിശോധന നടത്തും. വാര്‍ഷിക ഓഡിറ്റാണ് ഉണ്ടാകുക. ആദ്യമായി സര്‍ട്ടിഫിക്കേഷന് വരുമ്പോള്‍ മൂന്നു വര്‍ഷത്തെ തുടര്‍ച്ചയായ പരിശോധനയാണ് നടത്തുക. പിന്നീട് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ കാലപരിധി എത്ര വര്‍ഷം തുടരണമോ അത്രയും വര്‍ഷം പരിശോധനകള്‍ ഉണ്ടാവും.
അട്ടപ്പാടി തുവര -ആട്ടുകൊമ്പ് അവര എന്നിവക്ക് ഭൗമസൂചിക പദവി
മില്ലറ്റ് വില്ലേജ് പദ്ധതിയിലൂടെ അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അവര എന്നിവക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്.
എന്താണ് ഭൗമ സൂചിക പദവി ?
ഒരു ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അത്തരത്തില്‍ ആ ഉത്പന്നത്തെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഭൗമസൂചിക പദവി നല്‍കുന്നത്. മികച്ച ഗുണനിലവാരവും ഉല്‍പന്നത്തിന്റെ മൗലികസ്വഭാവവുമാണ് അതിന്റെ മാനദണ്ഡം. ഇന്ത്യയില്‍ നാനൂറില്‍പരം തനത് ഉത്പന്നങ്ങളാണ് ഇതുവരെ ഭൗമസൂചിക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. പത്ത് വര്‍ഷത്തേക്കാണ് ഭൗമസൂചിക പദവി നല്‍കുക. പിന്നീട് പുതുക്കി നല്‍കും. ഭൗമ സൂചിക പദവി ലഭിക്കുന്നതോടെ ലോകോത്തര വിപണനത്തിനും ഉത്പന്നത്തിന്റെ വില നിശ്ചയിക്കുവാനും കര്‍ഷകര്‍ക്ക് അവകാശം ലഭിക്കുന്നു
മില്ലറ്റ് കൃഷിക്ക് ഹെക്ടറിന് 12,000 രൂപ സബ്‌സിഡി
അട്ടപ്പാടിയുടെ ജീവിതരീതിയില്‍ തന്നെ മാറ്റം, കൃഷി ഉപേക്ഷിച്ച പലരും തിരിച്ച് കൃഷിയിലേക്ക്
2023 ല്‍ ബെസ്റ്റ് മില്ലറ്റ് പ്രമോഷന്‍ സ്റ്റേറ്റ് അവാര്‍ഡ് കേരളത്തിന്
2020 ലെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.99 കോടി രൂപ ചെലവിലാണ് മില്ലറ്റ് വില്ലേജ് പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മില്ലറ്റ് കൃഷിക്കായി കര്‍ഷകര്‍ക്ക് ഹെക്ടറിന് 12,000 രൂപ എന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. അട്ടപ്പാടിക്കാരുടെ ജീവിതരീതിയില്‍ തന്നെ മാറ്റം വരുത്താന്‍ മില്ലറ്റ് വില്ലേജ് പദ്ധതിക്ക് സാധിച്ചുവെന്ന് മാത്രമല്ല കൃഷി ഉപേക്ഷിച്ച പലരും കൃഷിയിലേക്ക് തിരിച്ചെത്തുന്നതായി മില്ലറ്റ് വില്ലേജ് കൃഷി ഓഫീസര്‍ ടി.കെ രജിത്ത് പറയുന്നു.മില്ലറ്റ് കൃഷിരീതിയെ കുറിച്ച് പഠിക്കാന്‍ വിദ്യാര്‍ത്ഥികളും കര്‍ഷകരും ഗവേഷകരും ഉള്‍പ്പെടെ നിരവധി പേര്‍ അട്ടപ്പാടിയില്‍ എത്തുന്നുണ്ട്. മില്ലറ്റിനെ കുറിച്ച് പഠിക്കാനും പരിശീലനത്തിനുമുള്ള കേന്ദ്രമായി മില്ലറ്റ് വില്ലേജ് പദ്ധതി മാറിയിട്ടുണ്ട്.2023 ല്‍ ബെസ്റ്റ് മില്ലറ്റ് പ്രൊമോഷന്‍ സ്റ്റേറ്റിനുള്ള അവാര്‍ഡ് കേരളം സ്വന്തമാക്കിയിരുന്നു. അട്ടപ്പാടി മില്ലറ്റ് ഗ്രാമപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്.
മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാന്‍ ചെറുധാന്യ സംസ്‌കരണ കേന്ദ്രം
പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവിലുള്ള അട്ടപ്പാടി ചെറു ധാന്യ സംസ്‌കരണ കേന്ദ്രത്തിലൂടെ മില്ലറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വരുന്നു.റാഗി, ചാമ, തിന, പനി വരഗ്, കമ്പ്, മണി ചോളം, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളാണ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നത്. കൃഷി വകുപ്പിന് കീഴിലായി ഫാര്‍മര്‍ പ്രൊഡ്യുസേഴ്സ് ഓര്‍ഗനൈസേഷന് കീഴിലുള്ള 166 ചെറുധാന്യ കര്‍ഷകര്‍ സംസ്‌ക്കരണ കേന്ദ്രം ഉപയോഗപ്പെടുത്തുന്നുണ്ട്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കൃഷി വകുപ്പ് സംഭരിച്ച് സംസ്‌കരണ കേന്ദ്രത്തിലൂടെ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. കൂടാതെ കര്‍ഷകര്‍ നേരിട്ട് സംസ്‌കരണശാലയിലെത്തി ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നുമുണ്ട്.
എ.ടി.എഫ്.എ.എം മുഖേന 36 ഓളം മില്ലറ്റ് ഉത്പന്നങ്ങള്‍ വിപണിയില്‍
ഉത്പന്നങ്ങള്‍ക്ക് 9645298860, 9072017833 ല്‍ വിളിക്കാം
അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ ഫോര്‍ മില്ലറ്റ്‌സ് (എ.ടി.എഫ്.എ.എം.) മുഖേനയാണ് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നത്. ഇതിലൂടെ അട്ടപ്പാടിയിലെ കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്നു. ഈ വര്‍ഷം ഇതുവരെ ഏഴര ലക്ഷം രൂപ വിറ്റുവരവ് ലഭിച്ചിട്ടുണ്ട്. റാഗി പുട്ടുപൊടി, റാഗി ദോശ മിക്‌സ്, ചാമ ഉപ്പുമാവ് മിക്‌സ്, പനിവരഗ് അരി, കമ്പ് ദോശ മിക്‌സ്, മണിച്ചോളം മാവ് തുടങ്ങിയ 36 ഉല്‍പ്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് തപാല്‍ മാര്‍ഗ്ഗവും അയക്കുന്നുണ്ട്. 9645298860 എന്ന നമ്പറിലും 9072017833 ലും ബന്ധപ്പെട്ട് ഉത്പന്നങ്ങള്‍ വാങ്ങാം.
വിത്തുകള്‍ക്കായി സീഡ് ബാങ്കുകളും
ചെറുധാന്യ വിത്തുകള്‍ക്കായി 8593962746 – 8157050629 വിളിക്കാം
പരമ്പരാഗത വിത്തുകളുടെ സുഗമമായ ലഭ്യതക്കും വിതരണത്തിനുമായി അട്ടപ്പാടിയില്‍ രൂപീകരിച്ചിട്ടുളള 15 സീഡ് ബാങ്കുകള്‍ മുഖേന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് ചെറുധാന്യ വിത്തുകള്‍ വിതരണം ചെയ്ത് വരുന്നുണ്ട്. വിത്തുകള്‍ക്കായി 8593962746 ലും 8157050629 ലും ബന്ധപ്പെടാം.