അലനല്ലൂര്‍: എടത്തനാട്ടുകര മേഖലയില്‍ വനത്തിന് സമീപത്തെ റബര്‍ തോട്ടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓലപ്പാറ വെള്ളാട്ടുമലയില്‍ കുളങ്ങര സലാമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് അമ്പത് വയസ് പ്രായം മതിക്കുന്ന പിടിയാന ചരിഞ്ഞത്. പിടിയാനയുടെ മുതുകില്‍ നട്ടെല്ലിന്റെ ഭാഗത്തായി ഉണ്ടായിരു ന്ന ആഴത്തിലുള്ള സ്വാഭാവിക മുറിവില്‍ നിന്നും സംഭവിച്ച അണുബാധയാണ് മരണ കാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ആറരയോടെ ടാപ്പിങ്ങിനിടെയാണ് തോട്ടത്തില്‍ ആന കിടക്കുന്നത് സലാം കണ്ടത്. ഭയന്ന് സ്ഥലത്ത് നിന്നും ഓടി സഹോദരന്‍ ഉമ്മറിനെ വിവരം അറിയിച്ചു. ഉമ്മര്‍ ഉപ്പു കുളം ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്ക് വിവരം കൈമാറുകയും ചെയ്തു. തുടര്‍ന്ന് വനപാല കരെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആന കിടന്നിടത്ത് നിന്നും അനങ്ങിയില്ല. സംശയം തോന്നി നിരീക്ഷിച്ചപ്പോഴാണ് ആന ചരിഞ്ഞെന്ന് മനസ്സിലായത്. ജഡം അസി.വെറ്ററിനറി ഫോറസ്റ്റ് ഓഫിസര്‍ ഡോ. ഡേവിഡ് എബ്രഹാം, തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം അസി.പ്രഫ.ഡോ.പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. യു.ആഷിക്ക് അലി, വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി, റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, പാലക്കാട് ഫ്‌ളെയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ പി.ശ്രീകുമാര്‍, തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍ കുമാര്‍, നീലിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചിത്തലന്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.ജെയ്‌സണ്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.