മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പാലത്തിന്റെ തൂണില്‍ തടഞ്ഞ് നിന്നിരുന്ന വന്‍ മരങ്ങള്‍ അഗ്നിരക്ഷാസേനയും 22 ഓളം സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് നീക്കം ചെയ്തു. ചെയിന്‍സോ ഉപയോഗിച്ച് മരങ്ങള്‍ മുറിച്ച് കഷ്ണമാക്കിയ ശേഷം കയര്‍ കെട്ടി വലിച്ച് കരക്ക് കയറ്റുകയായിരുന്നു. ഇന്ന് രാവിലെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്. മലവെള്ളപ്പാച്ചിലിലാണ് മരങ്ങള്‍ ഒഴുകിയെത്തിയത്. പാലത്തിന്റെ മധ്യത്തിലെ തൂണുകളില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനാല്‍ തന്നെ ഒഴുകി വരുന്ന മാലിന്യങ്ങളും ഇവിടെ അടിഞ്ഞ് കൂടാനും ഇടയായി. മരങ്ങള്‍ മാറ്റണമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അഗ്നിരക്ഷ സേനയുടേയും സിവില്‍ ഡിഫന്‍സിന്റേയും ഇടപെടലുണ്ടായത്. സ്റ്റേഷന്‍ ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിം, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ (മെക്കാനിക്) കെ.മണികണ്ഠന്‍, സീനിയര്‍ ഫയര്‍ ആ ന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ വി.സുരേഷ് കുമാര്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ മുഹമ്മദ് കാസിം, ഡെപ്യുട്ടി പോസ്റ്റ് വാര്‍ഡന്‍ ലിജി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.