മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടിക്കോട് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പൊലിസുകാര്‍ക്ക് പരിക്കേറ്റു. കല്ലേക്കാട് എ.ആര്‍ ക്യാംപിലെ പൊലിസ് ഉദ്യോഗസ്ഥരും മണ്ണാര്‍ക്കാട് സ്വദേശികളുമായ റംഷാദ്, ഷിജു എന്നിവര്‍ ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മാപ്പിള സ്‌കൂള്‍ ജംഗ്ഷനില്‍ വെച്ചാ യിരുന്നു അപകടം. മണ്ണാര്‍ക്കാട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം തെറ്റിയ മിനി ലോറി ബൈക്കിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊലിസുകാര്‍ വാഹനത്തില്‍ നിന്നും തെറിച്ച് കടയുടെ മുന്നിലേക്ക് വീണു. മിനി ലോറി വട്ടംകറങ്ങി പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് നില്‍ക്കുകയായി രുന്നു. കാറിന്റെ ഒരുഭാഗം തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരുടേയും കാലിന് പൊട്ടലുണ്ട്. റംഷാദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കുള്ളതായാണ് വിവരം. പരിക്കേറ്റവരെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട സമയത്ത് കനത്തമഴയുണ്ടായയിരുന്നു. മഴസമയങ്ങളില്‍ പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പ്രത്യേകിച്ച് കല്ലടിക്കോട് മേഖലയില്‍ അപകടം പതിവാണ്.