മണ്ണാര്‍ക്കാട്: ജീവന് തിരിച്ചു നല്‍കിയവരെ വേര്‍പിരിഞ്ഞ് പോകാനാകാത്ത വിധം അത്രമേല്‍ സൗഹൃദമാണ് ‘അവള്‍ക്ക് അവരോട്’. അവര്‍ക്ക് തിരിച്ചും. മണ്ണാര്‍ക്കാട് നഗരത്തില്‍ നെല്ലിപ്പുഴയിലുള്ള പാണ്ടി ഓട്ടോ ലാന്‍ഡ് എന്ന സ്പെയര്‍ പാര്‍ട്സ് കടയിലെ ജീവനക്കാരും ഒരു പൂച്ചയും തമ്മിലാണ് ആഴമുള്ള സ്നേഹത്തിന്റെ ഈ അപൂര്‍വ്വ സൗഹൃദം.
ജീവനക്കാരും പൂച്ചയും തമ്മില്‍ ഇണങ്ങുന്നത് ഒരു ദുരന്തമുഖത്ത് നിന്നാണ്. 2018ലെ പ്രളയകാലം. അഴുക്കുചാലിലൂടെ ഒഴുകിവന്ന ഒരു പൂച്ചക്കുട്ടിയായിരുന്നു അന്നവള്‍. രക്ഷപ്പെടുത്തി പരിപാലിച്ചു. ഇത്രകാലമായി സ്ഥാപനത്തിലെ അന്തേവാസിയാണ് ഈ പൂച്ച. നാളിത് വരെ പേരിട്ടിട്ടില്ല. പക്ഷേ ജീവനക്കാര്‍ എന്തു വിളിച്ചാലും എവിടെയായി രുന്നാലും ഓടിയെത്തും. കടയുടെ മുന്നിലെ കൗണ്ടറില്‍ ഒരു കാവല്ക്കാരിയെ പോലെ അവളങ്ങിരിക്കും.നല്ല അനുസരണയാണ്. തിരക്കേറുന്ന സമയങ്ങളില്‍ ജീവനക്കാര്‍ പോകാന്‍ പറഞ്ഞാല്‍ പിന്നൊന്നുമുരിയാടാതെ അകത്തേക്ക് ചെല്ലും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു ദിവസം പോലും കട വിട്ട് പോയിട്ടില്ല.
കടയിലെ മെസ്സിലെ ഭക്ഷണമാണ് പൂച്ചയ്ക്കും നല്‍കുന്നത്. കോവിഡ് കാലത്ത് കട അടച്ചിട്ടിരുന്നപ്പോള്‍ ഉടമകള്‍ വീട്ടില്‍ നിന്നും നിത്യവും പൂച്ചക്കുള്ള ഭക്ഷണമെത്തിച്ച് നല്‍കുമായിരുന്നു. കടയില്‍ വരുന്നവരുമായി വലിയ ചങ്ങാത്തമാണ്. രാത്രിയില്‍ കടയടച്ചാല്‍ മുകള്‍ നിലയിലുള്ള ഗോഡൗണിലാണ് കിടത്തം. രാവിലെ കട തുറന്നാല്‍ തിരിച്ചെത്തും. ഇതിനകം പതിനൊന്ന് പ്രസവങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസവും പ്രസവിച്ചു.നാല് കുഞ്ഞുങ്ങളുണ്ട്. മുന്‍ പ്രസവങ്ങളിലെ കുട്ടികള്‍ വലുതായി പലവഴിക്ക് പോയെങ്കിലും ഈ പൂച്ച ഇവിടെ തന്നെ തമ്പടിച്ചു. ഉടമകളായ ഷെരീഫ്,റൗഫ് ജീവന ക്കാരായ പ്രകാശന്, നജീം, അനസ്, ഫൈസല്‍, ആഷിഖ്, ഷംസീര്‍, റസാഖ് എന്നിവ രേയുമെല്ലാം വിട്ട് പോകാന്‍ പൂച്ചയ്ക്ക് മനസ്സില്ല.
