പാലക്കാട് : എന്റെ കേരളം 2023 പ്രദർശന -വിപണന മേളയുമായി (ഏപ്രിൽ 9-15) ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു.വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, തദ്ദേശ സ്വയഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർ മുഖ്യ രക്ഷാധികാരികളും ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ എന്നിവർ രക്ഷാധികാരികളും ജില്ലാ കലക്ടർ ചെയർപേഴ്സണും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറായും എല്ലാ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥർ അംഗങ്ങളായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. കൂടാതെ സ്റ്റാൾ അലോട്ട്മെന്റ് ആന്റ് സ്റ്റേജ് , പബ്ലിസിറ്റി ,ശുചിത്വം, ലോ ആൻഡ് ഓർഡർ, കൾച്ചറൽ പ്രോഗ്രാം, മെഡിക്കൽ , റിസപ്ഷൻ ,ഫിനാൻസ് എന്നിങ്ങനെ എട്ട് സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 9 മുതൽ 15 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന -വിപണന മേളയിൽ പൊതുജനങ്ങൾക്ക് സേവനവും നേട്ടവും ഉറപ്പാക്കുന്ന രീതിയിൽ സ്റ്റാളുകൾ സജ്ജീകരിക്കണമെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു.
യുവജനതയ്ക്ക് പ്രാധാന്യം നൽകിയുള്ള തീമാണ് മേളയിൽ ഉണ്ടാവുക. ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവക്ക് വിപണന – പ്രദർശന സാധ്യത മേളയിൽ ഒരുക്കും. എഴ് ദിവസങ്ങളിലായി നടത്തുന്ന മേളയിൽ കലാ – സാംസ്കാരിക പരിപാടികളും അരങ്ങേറും. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ എ. പ്രഭാകരൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ കലക്ടർ ഡോ.എസ് ചിത്ര, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എ.എസ്.പി എ. ഷാഹുൽ ഹമീദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ.കെ ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ജില്ലാ മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!