നെന്‍മാറ: ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് സമൃദ്ധിയിലാണ് നെല്ലിയാമ്പതി യിലെ ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം. കോളിഫ്‌ളവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ്, റാഡിഷ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ചൈനീസ് കാബേജ്, ബ്രൊക്കോളി, നോല്‍ ക്കോള്‍, ബട്ടര്‍ ബീന്‍സ്, വയലറ്റ് കാബേജ് തുടങ്ങിയ പച്ചക്കറികളാണ് സമൃദ്ധമായി വിളവെടുക്കുന്നത്. നിലവില്‍ അഞ്ച് ടണ്‍ പച്ചക്കറികളാണ് വിളവെടുത്തത്. കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ അടുത്തഘട്ടത്തില്‍ വിളവെടുക്കും. ഫാമിനുള്ളില്‍ എട്ട് ഹെക്ടറിലാണ് പച്ചക്കറി കൃഷി സജീവമായിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിത്തുകളും തൈകളും ഫാമില്‍ പോളി ഹൗസുകളില്‍ വളര്‍ത്തിയ ശേഷമാണ് കൃഷിയിടങ്ങളില്‍ നടുന്നത്.


മൊത്തം 208 ഹെക്ടറിലുള്ള ഫാമില്‍ പച്ചക്കറികള്‍ക്ക് പുറമെ ഓറഞ്ച് പാഷന്‍ ഫ്രൂട്ട്, പേര, റംബൂട്ടാന്‍, ചെറി, മിറക്കിള്‍ ഫ്രൂട്ട്, മൂസമ്പി, ഡ്രാഗണ്‍ ഫ്രൂട്ട്, പീച്ച് തുടങ്ങിയ പഴങ്ങളും ഓര്‍ക്കിഡ്, ആന്തൂറിയം, ജര്‍ ബറ, ഹൈഡ്രാഞ്ചിയ, പോയിന്‍ സൈറ്റിയ തുടങ്ങിയ വിവിധ ഇനം പൂക്കൃഷിയും ഉണ്ട്. 25 ഏക്കറിലാണ് പാഷന്‍ ഫ്രൂട്ട് കൃഷി ഉള്ളത്. ആറായിരത്തോളം ഓറഞ്ച് തൈകളും നട്ടിട്ടുണ്ട്. 163 തൊഴിലാളികളും 20-ഓളം മറ്റ് ജീവനക്കാരും ഫാമില്‍ പ്രവര്‍ത്തിക്കുന്നു. ഫാമിലെ കാര്‍ഷിക കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുള്ള മാതൃക തോട്ടം ഫാമിന് മുന്നില്‍ തന്നെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഫാമില്‍ തന്നെയുള്ള പഴം സംസ്‌ക്കരണശാലയില്‍ ജാം, ജെല്ലി, സ്‌ക്വാഷ്, അച്ചാര്‍ തുടങ്ങി 45 ഇനങ്ങള്‍ തയ്യാറാക്കി വില്‍പ്പന നടത്തുണ്ട്. കൂടാതെ ഫാമിലെ ഓറഞ്ച്, പാഷന്‍ ഫ്രൂട്ട് , ലെമണ്‍, ഗുവ സ്‌ക്വാഷുകള്‍, ജെല്ലികള്‍, അച്ചാറുകള്‍, മിക്‌സഡ് ഫ്രൂട്ട് ജാം തുടങ്ങിയ 10 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഫ്രൂട്ട് നെല്‍ എന്ന പേരില്‍ ഓണ്‍ലൈനായി വിപണനം നടത്തുന്നുണ്ട്. ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുക, ഫ്‌ളോറികള്‍ച്ചര്‍ രംഗത്ത് വാണിജ്യ സാധ്യതകള്‍ കണ്ടെത്തുക തുടങ്ങി ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപെടുത്താനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!