ജില്ലയിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി അതിന്റെ ഫലപ്രാപ്തി പരിശോധിക്കണമെന്നും കുട്ടികൾ ലഹരി ഉപയോഗിക്കുന്നതിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു. ജില്ലയിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജാഗ്രത സമിതി യോഗത്തിലാണ് സമിതി ചെയർപേഴ്സൺ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. സ്‌കൂളുകളില്‍ എല്ലാ മാസവും ഒരു ദിവസം ജാഗ്രതാ സമിതി യോഗം നിര്‍ബന്ധമായി ചേരുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന സ്കൂളുകൾക്ക് അറിയിപ്പ് നൽകാൻ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ സ്കൂളുകളിലെ പരാതി പെട്ടികൾ ഉപയോഗപെടുത്തണമെന്നും അതിലുള്ള പരാതികൾ സ്കൂളുകളിലെ ജാഗ്രത സമിതിയിൽ അവതരിപ്പിക്കണമെന്നും യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ലഹരിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 155358 എന്ന നമ്പറിലും കൗണ്‍സിലിങ്ങിനായി 14405 എന്ന നമ്പറിലും ബന്ധപ്പെടാമെന്നും അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബൽ ആശുപതിയിൽ പ്രവർത്തിക്കുന്ന ഡീ അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനം കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിന്റെ സാധ്യതകൾ പ്രയോജനപെടുത്താൻ കഴിയണമെന്നും യോഗത്തിൽ എക്സൈസ് അധികൃതർ പറഞ്ഞു. ലഹരിക്കെതിരെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതോടൊപ്പം വിവിധ വകുപ്പുകള്‍ ജനുവരി 26 വരെ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ജയപാലന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ എ.കെ ബിജില, നൂര്‍ജഹാന്‍, വിമുക്തി കോര്‍ഡിനേറ്റര്‍ മധു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!