പാലക്കാട്: ഈ വര്‍ഷത്തെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി.ഗണേഷ് ഏറ്റുവാങ്ങി.ആലപ്പുഴ പറവൂര്‍ ജനജാഗൃതി ഭവനില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു.വായനക്കാരെ മനസ്സിലാക്കുക എന്നാല്‍ സമൂഹത്തെ അറിയലാണെന്നും സമൂഹത്തിന്റെ സംഘര്‍ഷങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്ന ഒരാള്‍ക്ക് മാത്രമേ എഴുത്തുകാരനാവാന്‍ സാധിക്കൂ വെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന് സമൂഹത്തിലുള്ള സ്ഥാ നം ഇന്നും നഷ്ടമായിട്ടില്ല. അതിനു കാരണം സമൂഹത്തിന്റെ ഗതിവിഗതികളെ മനസ്സിലാക്കു ന്നതില്‍ എഴുത്തുകാരന് ഉള്ള സവിശേഷമായ കഴിവാണ്. സമൂഹ ത്തെ അര്‍ത്ഥവത്തായി നിലനിര്‍ത്തുകയും മുന്നോട്ടുകൊണ്ടു പോ വുകയും ചെയ്യേണ്ട ബാധ്യത എല്ലാ കലാകാരന്മാര്‍ക്കുമുണ്ട്.എഴുത്ത് പ്രതിരോധമായിത്തീരേണ്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ചങ്ങാതിപ്പിണര്‍ എന്ന കഥാസമാ ഹാരത്തിനാണ് സംസ്‌കൃതി പുരസ്‌കാരം ലഭിച്ചത്. തുഞ്ചത്തെഴു ത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ സാഹിത്യ രചനാ വിഭാഗ ത്തില്‍ അസി പ്രൊഫസറായ സി ഗണേഷ് ഇരുപതിലധികം കൃതികളുടെ കര്‍ത്താവും ശാന്തം മാസികയുടെ ഓണററി എഡിറ്ററുമാണ്. ആലോചന സാഹിത്യ വേദിയുടെ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം, അങ്കണം സാഹിത്യവേദിയുടെ കൊച്ചുബാവ സമ്മാനം, തൃശ്ശൂര്‍ സഹൃദയ വേദിയുടെ നോവല്‍ പുരസ്‌കാരം എന്നിവ ഇതിന് മുമ്പ് ഗണേഷിന് ലഭിച്ചിട്ടുണ്ട്.
പുരസ്‌കാര ദാന ചടങ്ങില്‍ സിക്‌സസ് പുന്നപ്ര അധ്യക്ഷത വഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍,സ്റ്റാന്‍ലി ജോസ്, രവീന്ദ്രന്‍ എരുമേലി തുടങ്ങിയവര്‍ സംസാരിച്ചു.ചേര്‍ത്തല മുരളി സ്വാഗതം പറഞ്ഞു.