ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണനു ലഭിച്ചു. എം. ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീണിനു ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്ര ത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. അദ്ദേഹത്തിൻ്റെ രണ്ടാം ദേശീയ പുരസ്കാരമാണിത്. ‘വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകൻ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ശോഭ തരൂർ ശ്രീനിവാസൻ മികച്ച വിവരണത്തിനുള്ള പുരസ്കാരം നേടി. മികച്ച വിദ്യാഭ്യാസ ചിത്രം നന്ദൻ ഒരുക്കിയ ഡ്രീമിങ് ഓഫ് വേർഡ്സിനാണ്.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’ത്തിനാണ്. മികച്ച സംഘട്ടനം മാഫിയ ശശിക്ക് ലഭിച്ചു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിൽ സംഘട്ടനം ഒരുക്കിയതിനാണ് അവാർഡ്. കപ്പേള എന്ന ചിത്രത്തിലൂടെ അനീസ് നാടോടി മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്കാരം നേടി. മികച്ച ശബ്ദമിശ്രണം മാലിക്കിലൂടെ ശ്രീശങ്കറിനും വിഷ്ണു ഗോവിന്ദിനും ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം അപർണ ബാലമുരളിയ്ക്ക് ലഭിച്ചു. തമിഴ് സിനിമ സൂരരൈ പോട്രുവിലെ അഭിനയത്തിനാണ് അവാർഡ്. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന് അവാർഡ് ലഭിച്ചത്. സിനിമയുടെ സംവിധായകനായ സച്ചിയാണ് മികച്ച സംവിധായകൻ.
സുധ കൊങ്ങര ഒരുക്കിയ ‘സൂരരൈ പോട്രു’ എന്ന ചിത്രമാണ് മികച്ച സിനിമ. സൂര്യ, അജയ് ദേവ്ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. സൂര്യയ്ക്ക് സൂരരൈ പോട്രു പുരസ്കാരം സമ്മാനിച്ചപ്പോൾ തൻഹാജി എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗൺ പുരസ്കാരം നേടിയത്.
NEWS COURTESEY 24 NEWS