കുമരംപുത്തൂര്‍:തരിശായി കിടന്ന പാടത്ത് പയ്യനെടം എയുപി സ് കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷി വിജയകരം.കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒരേക്കര്‍ പാടത്ത് വിത്തിറക്കിയത്.മുതിര്‍ന്ന കര്‍ഷക തൊഴിലാളി ലക്ഷ്മിയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് കൃഷി മുന്നോട്ട് കൊണ്ട് പോയത്.കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വിവിധ ഘട്ടങ്ങളില്‍ നെല്‍കൃഷിക്ക് വേണ്ട പരിചരണം നല്‍കാന്‍ ക്ലബ്ബ് അംഗങ്ങള്‍ മുന്നിട്ടിറങ്ങിയിരുന്നു.മാസങ്ങള്‍ക്കിപ്പുറം മണ്ണ് സമ്മാനിച്ച മികച്ച വിളവില്‍ സന്തോഷിക്കുകയാണ് കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍.
കൊയ്ത്തുത്സവവും ഇവര്‍ കെങ്കേമമാക്കി.കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ നടന്ന കൊയ്ത്തുത്സവം കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മേരി സന്തോഷ്,പഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്,വിജയലക്ഷ്മി,പ്രധാന അധ്യാപിക കെഎ രാധിക, മാനേജര്‍ അലവി കുരിക്കള്‍,കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ പി.കെ ഷാഹിന,റബീന, ലിജിത, സാലിമ,വിദ്യാര്‍ത്ഥികളായ മുഹമ്മദ് മുഹ്‌സിന്‍, നജ, റസിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.