വിദ്യ സജിത്ത് തച്ചങ്കാട്
വാക്കുകളുടെ വറുതിക്കാലത്ത്
മുഖമൂടി തുന്നി
എത്ര സമര്‍ത്ഥമായാണ്
നാം നമ്മോട് കലഹിക്കാറുള്ളത്.. !
തനിച്ചാവലിന്റെ വഴിയരികുകളില്‍
പരസ്പരം ചിതറിക്കിടന്ന്
എത്ര പെട്ടെന്നാണ്
അന്യരെന്ന് സ്വയം പ്രഖ്യാപിതരാകുന്നത്.. !
മൗനങ്ങള്‍ക്ക് നാവു പിഴയ്ക്കുമ്പോള്‍
എത്ര മനോഹരമായാണ്
നാം വൈരുദ്ധ്യങ്ങളെന്നെഴുതി
വിരാമമിടുന്നത്.. !
കിനാവുകള്‍ക്ക് കതകുകള്‍
തുന്നപ്പെടുന്നതും
ഉപ്പുനനവില്‍ കുതിര്‍ന്ന്
കാറ്റ് അലോസരപ്പെടുന്നതും
വിദ്വേഷത്തിന്റെ ആഴച്ചുഴികളില്‍
ശ്വാസം കുടുങ്ങി
സ്വയം അപരിചിതത്വം നടിക്കുന്നതും
സമയവേഗങ്ങളുടെ
എത്ര നേര്‍ത്ത കണികയിലാണ്… !
എന്നിട്ടും..
സ്‌നേഹപ്പെയ്ത്തില്‍
ഒരു വിരല്‍ത്തുമ്പിന്റെ
ഊഷ്മളതയിലേക്കലിഞ്ഞ്
എത്ര തിടുക്കത്തിലാണ്
നാം ഒരായിരം ജന്മങ്ങളുടെ
വാഗ്ദാനങ്ങളായി
പ്രണയിക്കപ്പെടുന്നത്….
(വോയ്‌സ് ഓഫ് മണ്ണാര്‍ക്ക് സര്‍ഗ വേദിയിലേക്ക് വന്ന വിദ്യാ സജിത്ത് തച്ചങ്കാടിന്റെ കവിത)
