പാലക്കാട് :ജില്ലയിൽ മുൻഗണനാ വിഭാഗക്കാർക്കുള്ള (പിങ്ക് കാർഡ്) സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. ആദ്യദിന ത്തില്‍ 11,235 പേർ കിറ്റ് കൈപ്പറ്റിയതായി ജില്ലാ സിവിൽ സപ്ലൈ ഓഫീസർ കെ.അജിത് കുമാർ അറിയിച്ചു. ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത് ആലത്തൂർ താലൂക്കിലാണ്. 2854 കാർഡുടമകളാണ് കിറ്റ് കൈപ്പറ്റി യത്. ചിറ്റൂർ 1468, മണ്ണാർക്കാട് 1377, ഒറ്റപ്പാലം 1216, പാലക്കാട് 2515, പട്ടാമ്പി 1805 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്കുകൾ. ആകെ 3,09315 പിങ്ക് കാർഡുടമകളാണ് ജില്ലയിലുള്ളത്.
പഞ്ചസാര, ചെറുപയർ / വൻപയർ, ശർക്കര, മുളകുപൊടി, മല്ലി പ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, വെളിച്ചെണ്ണ, പപ്പടം, സേമിയ/ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ എല്ലാ വിഭാഗക്കാർക്കുമായി പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 13 നാണ് ആരംഭിച്ചത്.
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുടമകൾക്കുള്ള കിറ്റുകളാണ് ആദ്യം വിതരണം ആരംഭിച്ചത്. ജില്ലയിൽ ഇതുവരെ 42,879 എ.എ.വൈ കാർഡുടമകൾ കിറ്റുകൾ വാങ്ങി. ഈ വിഭാഗത്തിൽ ആകെ 48,382 കാർഡുടമകളാണുള്ളത്. ഈ വിഭാഗക്കാരിൽ ഇനിയും കിറ്റ് കൈപറ്റാത്തവർക്ക് അടുത്ത ദിവസങ്ങളിൽ വിതരണം നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.