മണ്ണാര്‍ക്കാട്: ഉപരിതലംപരുവപ്പെടുത്തിയ ഭാഗങ്ങളിലെ ടാറിങ് കഴിഞ്ഞതോടെ മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാനപാതയുടെ ആദ്യറീച്ചിലെ എട്ടുകി ലോമീറ്ററിലെ 6.4 കിലോമീറ്റര്‍ യാത്ര സുഗമമായി. നെല്ലിപ്പുഴ മുതല്‍ ചിറപ്പാടം വരെയാണ് ആദ്യഘട്ട ടാറിങ് മുഴുവനായത്. കുഴികളില്ചാടിയും പൊടിശല്യം സഹിച്ചുമുള്ള യാത്രയ്ക്ക് ഒരുപരിധിവരെ പരിഹാരവുമായി. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂള്‍മുതല്‍ തെങ്കര ജങ്ഷന്‍വരെ നാലുകിലോമീറ്റര്ദൂരമാണ് മാസങ്ങള്‍ക്ക് മുന്‍പ് ടാര്ചെയ്തിരുന്നത്. നാലുകിലോമീറ്ററിനുള്ളില്തന്നെ നെല്ലിപ്പുഴ ആണ്ടിപ്പാടത്തും തെങ്കര സ്കൂളിന് സമീപവും കുറച്ചുദൂരം ടാറിങ് പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. കലുങ്കുകളുടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകാതിരുന്നതാണ് പ്രവൃത്തികള്‍ക്ക് കാലതാമസംവരുത്തിയത്. കൂടാതെ, തെങ്കര ജങ്ഷന്‍മുതല്‍ ചിറപ്പാടംവരെയുള്ള 1.8 കിലോമീറ്റര്‍ദൂരം ടാറിങിനായി പരുവപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ ക്കും പരാതികള്‍ക്കുമൊടുവില്‍ ഒരാഴ്ച മുന്‍പാണ് മൂന്നുഭാഗങ്ങളിലും ടാറിങ് പ്രവൃത്തി കള്‍ തുടങ്ങിയത്. കഴിഞ്ഞദിവസത്തോടെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
