കോട്ടോപ്പാടം : പെരുമകേട്ട ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താല പ്പൊലി മഹോത്സവം നാടിന്റെ മനംനിറച്ചു.ആചാര അനുഷ്ഠാനങ്ങളും ആഘോഷ ങ്ങളും സംഗമിച്ച ചടങ്ങുകള്‍ ദൃശ്യവിരുന്നുമൊരുക്കി.ബുധനാഴ്ച വൈകിട്ട് താലപ്പൊലി എഴുന്നെള്ളിപ്പുകാണാന് നാടിന്റെ നാനാദിക്കുകളില്‍ നിന്നും ആളുകളെത്തി. ഗജ വീരന് നന്തിലത്ത് ഗോപാലകൃഷ്ണന് വെള്ളീലക്കുന്നമ്മയുടെ തിടമ്പേറ്റി. ബ്രഹ്മണ വീട്ടില്‍ ഗോവിന്ദന്‍കുട്ടി, പാലക്കല്‍ ശ്രീമുരുകന് എന്നീ ആനകളും പൂതനും തിറയും വാദ്യങ്ങളും അകമ്പടിയേകി. ക്ഷേത്രകുളത്തിന് സമീപത്തെ ആല്ത്തറചുവട്ടില് അരിയേറും നടന്നു.
വള്ളുവനാടന്‍ ഉത്സവങ്ങള്‍ക്ക് നാന്ദികുറിക്കുന്ന വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്ര ത്തിലെ താലപ്പൊലികൂടാനം ദേവിയെ തൊഴാനുമായി രാവിലെ മുതല്ക്കേ ഭക്ത രെത്തിയിരുന്നു. ക്ഷേത്രത്തില്‍ രാവിലെ പന്തലക്കോട്ടത്ത് മനയ്ക്കല്‍ ശങ്കരനാരാ യണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളുണ്ടായി.അഷ്ടപദിക്ക് ശേഷം താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം ഉത്സവാവേശത്തിലായി. കാഴ്ചശീ വേലിയുമുണ്ടായി. ക്ഷേത്രാങ്കണത്തില്‍ പഞ്ചാരിമേളവും നടുവിലാല്ത്തറയില് ഭീമനാട് ചവിട്ടുകളി സംഘത്തിന്റെ ചവിട്ടുകളിയുമുണ്ടായി. ഉച്ചപൂജയ്ക്ക് പൂര്‍ണ്ണ ചതുശ്ശതം സമര്‍പ്പണവും നടന്നു. വൈകിട്ട് ക്ഷേത്രാങ്കണത്തില്‍ നടന്ന മേജര്‍സെറ്റ് പഞ്ചവാദ്യം വാദ്യപ്രേമികളുടെ മനംനിറച്ചു. രാത്രി നാടകവുമുണ്ടായി.
വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളുണ്ടാകും. രാവിലെ എട്ടുമണി മുതല്‍ കഞ്ഞിപ്പാര്‍ച്ച നടക്കും. സമൂഹ ലളിതാസഹസ്രനാമ പാരായണം, സോപാന സംഗീതം, ഓട്ടന്തുള്ളല് എന്നിവയുണ്ടാകും. ഭീമനാട് സെന്ററില്‍ ഗജസംഗമവും നടക്കും. വൈകിട്ട് ഏഴിനാണ് നാടുകാത്തിരിക്കുന്ന ദേശവേലകളുടെ സംഗമം നടക്കുക. വടശ്ശേരിപ്പുറം, തെക്കന്‍,വടക്കന്‍, പടിഞ്ഞാറന്‍,കിഴക്കന്‍, കൂമഞ്ചേരിക്കുന്ന്, ടൗണ്‍, നവയുഗ പെരിമ്പടാരി എന്നീ ദേശവേലകളാണ് എത്തുക. ചിറക്കല്‍ കാളിദാ സന്, നന്തിലത്ത് ഗോപാലകൃഷ്ണന്, പുതുപ്പള്ളി സാധു, തിരുവമ്പാടി ചന്ദ്രശേഖരന്, ആമ്പാടി ബാലന്, അക്കരമ്മല്‍ ശേഖരന്, മൂലാടുമ്മല് ഗണപതി, ചെര്‍പ്പുളശ്ശേരി അന്തപത്മനാഭന്‍, ചെത്തല്ലൂര്‍ മുരളീകൃഷ്ണന് തുടങ്ങിയ ഗജനിര ദേശവേലകള്‍ക്ക് ആനച്ചന്തം പകരും. രാത്രി എട്ടിന് നടുവിലാല്ത്തറയിലേക്കുള്ള അരിയേറിനുള്ള എഴുന്നെള്ളിപ്പ്, ശേഷം കല്ലൂര്‍ ഉണ്ണികൃഷ്ണന്, കല്ലൂര്‍ ജയന്, കല്ലുവഴി പ്രകാശന് എന്നിവര്‍ നയിക്കുന്ന നടുവില്‍ ആല്ത്തറമേളവുമുണ്ടാകും. രാത്രി 11ന് കളംപാട്ട് കൂറവലി ക്കലും നടക്കും.
