മണ്ണാര്‍ക്കാട്: കോഴിമാലിന്യം (പൗള്‍ട്രി വേസ്റ്റ്) ജില്ല വിട്ട് കൊണ്ടുപോകുന്നതിനു കര്‍ശന വിലക്കുമായി തദ്ദേശവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍. കോഴി മാലിന്യം അനധികൃതമായി കടത്തുന്നത് തടയാനും ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഉറപ്പാക്കാനുമാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ പ്രകാരം നിയമം ലംഘിച്ച് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടി ലേലം ചെയ്യാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് (എസ്.ഡി.എം) അധികാരം നല്‍കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്ട്, 2024-ലെ സെക്ഷന്‍ 340ബി, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട്, 2024-ലെ സെക്ഷന്‍ 219യു എന്നിവ പ്രകാരമാണ് ഈ നടപടികള്‍. നഗരസഭ സെക്രട്ടറി, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്, അല്ലെങ്കില്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥന് എന്നിവര്‍ക്ക് അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും എസ്.ഡി.എമ്മിന് മുമ്പാകെ ഹാജരാക്കാനും കഴിയും.
കണ്ടുകെട്ടുന്നതിന് മുമ്പ് വാഹന ഉടമയ്ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കണം. ഇതിനുശേഷം എസ്.ഡി.എമ്മിന് കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവി ക്കാം.ഇത്തരം വാഹനം ലേലം ചെയ്തു വില്‍ക്കണം. സമീപ ജില്ലയിലെ മാലിന്യ പ്ലാ ന്റാണ് സ്വന്തം ജില്ലയിലെ പ്ലാന്റിനെക്കാള്‍ അടുത്തുള്ളതെങ്കില്‍ ജില്ലാതിര്‍ത്തി കടക്കുന്നതിന് ജില്ലാതല സൗകര്യ ഏകോപന സമിതിയുടെ അനുവാദത്തോടുകൂടി ഇളവ് അനുവദിക്കാം. ജില്ലയ്ക്കുള്ളിലെ പ്ലാന്റിന് ആവശ്യത്തിനു സംസ്കരണ ശേഷിയില്ലെങ്കിലോ തകരാറിലാണെങ്കിലോ ജില്ലയ്ക്കു പുറത്തുള്ള പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ ഡി.എല്‍.എഫ്.എം.സി യുടെ അനുവാദത്തോടെ അനുവദിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴിമാലിന്യം ജില്ലയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നവര്‍ക്കെതിരെ സര്‍ക്കുലര്‍ അനുസരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജി.വരുണ്‍ അറിയിച്ചു.
