പാലക്കാട്:സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ‘സ്ത്രീ’ (Strengthening Her to Empower Everyone)) ക്യാമ്പയിന് പാലക്കാട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വി.കെ. ശ്രീകണ്ഠന് എം.പി. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി. ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വിദഗ്ദ്ധ മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുക, ആരോഗ്യത്തെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍. മാര്‍ച്ച് എട്ടിനകം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ‘സ്ത്രീ’ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കൂടാതെ, ആഴ്ചയിലൊരിക്കല്‍ പി.എച്ച്.സി, എഫ്.എച്ച്.സി തലങ്ങളില്‍ പ്രത്യേക സ്പെഷ്യാലിറ്റി ക്യാമ്പുകളും സംഘടിപ്പിക്കും.
ക്യാമ്പയിന്റെ ആദ്യഘട്ടമായി ജില്ലയിലെ വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ ഇതുവരെ 475 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പതിനായിരത്തിലധികം സ്ത്രീകളെ പരിശോധിച്ചു. വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദ്ദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയുള്‍പ്പെടെ 10 തരം പരിശോധനകളാണ് ക്ലിനിക്കുകളിലൂടെ ലഭ്യമാക്കുന്നത്. കൂടാതെ, കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍, ഗര്‍ഭകാല പരിചരണം, മുലയൂട്ടല്‍, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സേവനങ്ങളും ലഭ്യമാകും.
പരിപാടിയില്‍ ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത വിഷയാവതരണം നടത്തി. പാലക്കാട് നഗരസഭ വാര്‍ഡ് മെമ്പര്‍ അനുപമ പ്രശോഭ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി. വി റോഷ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ്. അനുരാധ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആര് ശെല്‍വരാജ്, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ് എന്നിവര്‍ സംസാരിച്ചു. മറ്റു ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
