മണ്ണാര്‍ക്കാട്: മീന്‍പിടുത്തത്തെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയ്ക്ക് കോടതി 10 വര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു. ചാലിശ്ശേരി ചാത്തന്നൂര്‍ കറുകപുത്തൂര്‍ ചോഴിയംകാട്ടില്‍ ഷാജഹാനെ(34)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി യായ ഇയാള്‍ക്കെതിരെ മുന്‍പ് കാപ്പ ചുമത്തപ്പെട്ടിട്ടുണ്ട്. ചാഴിയാട്ടിരി മനപ്പടി വീട്ടില്‍ ഉണ്ണികൃഷ്ണനാ(46)ണ് കുത്തേറ്റത്. 2022 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചാഴിയാട്ടിരിയിലുള്ള ചിറയുടെ പരിസരത്തുവെച്ച് മീന്‍ പിടുത്തവുമായി ബന്ധപ്പെട്ട് ഇരുവരുംതമ്മില്‍ വാക്ക് തര്‍ക്ക മുണ്ടായി. തുടര്‍ന്ന് ഷാജഹാന്‍ കത്തികൊണ്ട് ഉണ്ണികൃഷ്ണന്റെ നെഞ്ചില്‍ കുത്തുകയാ യിരുന്നുവെന്നാണ് പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.

ചാലിശ്ശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്നത്തെ എസ്.ഐ. എസ്. അനീഷ്, ഡിവൈ.എസ്.പി. എസ്.സുരേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍ പ്പിച്ചത്. ഇന്ത്യന്‍ശിക്ഷാനിയമം 307 വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുവാനുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു കൊല്ലത്തെ അധിക കഠിന തടവും അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം 25,000 രൂപ ആക്രമണത്തിനിരയായ ഉണ്ണികൃഷ്ണന് നല്‍കുവാനും ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി. എസ്.ഐ. മാരായ ഷാജി, കൃഷ്ണന്‍, ഗ്ലാഡിന്‍ ഫ്രാന്‍സിസ്, സുനില്‍ എന്നിവരും അന്വേഷണത്തില്‍ സഹായികളായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷിണി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപി പ്പിച്ചു.
