അലനല്ലൂര്‍ : സംസ്ഥാന സാക്ഷരതാമിഷന്‍ തുല്യത പരീക്ഷകളില്‍ മികച്ച വിജയം നേ ടി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. ഇത്തവണ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം പരീക്ഷയെഴുതിയ 140 പേരില്‍ 129 പേരും വിജയിച്ചു. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ക്കായി കോഴ്‌സ് ഫീസ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സാക്ഷരതാ മിഷനിലേക്ക് അടയ്ക്കുന്നത്. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും രണ്ടര ലക്ഷം രൂപാവീതം വകയിരുത്തിയിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അറിയിച്ചു. ഓരോവര്‍ഷവും പദ്ധതിയിലുള്‍പ്പെട്ട പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത ക്ലാസുകളില്‍ നൂറ് കണക്കിന് പേര്‍ പരീക്ഷയെഴുതി വിജയം കണ്ടെത്തുന്നു. എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും അലനല്ലൂര്‍ ഹൈസ്‌കൂളില്‍ വെച്ചാണ് പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്‍കി വരുന്നത്.