മണ്ണാര്‍ക്കാട്: മേഖലയില്‍ മഴയ്ക്ക് അല്‍പ്പം ശമനമായതോടെ വെള്ളക്കെട്ട് ഭീഷണിയും ഒഴിഞ്ഞുതുടങ്ങി. പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍, തുപ്പനാട് പുഴകളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇതോടെ കോസ്വേകളിലൂടെ ഗതാഗതം പ്രയാസ രഹിതമായി. വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുകയും ചെയ്തു. 95.29 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ കണക്കിലെടുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതല്‍ ഇന്നലെ രാവിലെ 10 മണിവരെ അഞ്ച് സെന്റീ മീറ്ററായി ക്രമീ കരിച്ചിരുന്നു. 10മണിക്ക് ശേഷം വീണ്ടും 25 സെന്റീമീറ്ററായി ഉയര്‍ത്തി. അതേ സമയം ജലനിരപ്പ് 95 മീറ്ററിലെത്തിയാല്‍ ഷട്ടറുകള്‍ 5സെന്ററായി ക്രമീകരിക്കുമെന്ന് കെ.പി.ഐ.പി അധികൃതര്‍ അറിയിച്ചു.
മഴക്കെടുതികളെ തുടര്‍ന്ന് മലയോര മേഖലകളായ കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചമ്പാറ പഞ്ചായത്തുകളിലായി ആറ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരുന്നു. വെള്ളക്കെട്ട് പ്രശ്നമൊഴിഞ്ഞതോടെ രണ്ട് ക്യാംപുകളിലുണ്ടായിരുന്നവര്‍ വീട്ടിലേക്ക് മടങ്ങി. നിലവി ല്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ ചളവ, എടത്താട്ടുകര സ്‌കൂളുകളിലും, ആലടിപ്പുറം അംഗനവാടിയിലും കോട്ടോപ്പാടം പഞ്ചായത്തില്‍ കാപ്പുപറമ്പ് മദ്റസയിലുമായാണ് ക്യാംപുകള്‍ പ്രവര്‍ത്തനം തുടരുന്നത്. ആകെ 51 കുടുംബങ്ങളില്‍ നിന്നുള്ള 122 പേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്. അപകടഭീഷണിയ്ക്ക് അയവുവന്നതോടെ മഴയുടെ സാഹ ചര്യം നോക്കി ബാക്കിയുള്ള ക്യാംപുകളുടെ പ്രവര്‍ത്തനവും അവസാനിപ്പിക്കാനാണ് അധികൃതരുടെ നീക്കം.
ജൂലായ് 29 മുതല്‍ ആഗസ്റ്റ് മൂന്ന് വരെ മണ്ണാര്‍ക്കാട് 306.4മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് വനംവകുപ്പ് ഡിവിഷന്‍ ഓഫിസിലെ മഴമാപിനിയില്‍ നിന്നുള്ള കണക്ക്. ഏറ്റവും കൂടുതല്‍ മഴ (205.4 മില്ലീമീറ്റര്‍ ) ജൂലായ് 30നും കുറവ് ആഗസ്റ്റ് മൂന്നിനും (5 മില്ലീ മീറ്റര്‍ ) ലഭിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മഴയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.