ജാഗ്രതാനിര്‍ദേശവും ബോധവല്‍ക്കരണവും നല്‍കും, പനി വന്നാല്‍ ഉടന്‍ ചികിത്സ തേടണമെന്ന്

പാലക്കാട് : മലപ്പുറത്ത് നിപ്പാ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല യോട് ചേര്‍ന്ന് കിടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണവും ജാഗ്രതാ നിര്‍ദേശവും നല്‍കുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ബോധവല്‍ക്കരണം ആവശ്യമാ ണെന്നും പനി വന്നാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം അടുത്ത ദിവസം തന്നെ ഡി.എം.ഒയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കാനും നിര്‍ദേശം നല്‍കി.

ജില്ലാ ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ കോളജ് ഡയറക്ടറും ഉള്‍പ്പെട്ട യോഗം വിളിച്ച് ചേര്‍ത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും. രണ്ടുദിവസമായി മഴമാറി നില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിട്ടുണ്ട്. എന്നാലും വനംവകുപ്പ് അധികൃതരുടെ ശ്രദ്ധ വേണം. പ്രസ്തുത പ്രദേശങ്ങളില്‍ വാച്ചര്‍മാരെ നിയോഗിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴകളില്‍ ഇറങ്ങിയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍ മുഖേന കരുതല്‍ നിര്‍ദേശം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. കഴിഞ്ഞദിവസം ആലത്തൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ട പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ പഴയ സ്‌കൂള്‍ ബസുകള്‍ ഉണ്ടെങ്കില്‍ അവയുടെ കണക്കെടുക്കാനും മാറ്റി നല്‍കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഈ മാസം 31ന് മുമ്പ് റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ്, കെ.ആര്‍.എഫ്.ബി. അധികൃതരോട് നിര്‍ദേശിച്ചു. കൂടാതെ വാഹനഗതാഗതം തിരിച്ചുവിടുന്ന ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. സി.ബിജു, ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദ്, ഡി.എം.ഒ. കെ.ആര്‍.വിദ്യ എന്നിവരുള്‍പ്പടെ വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ പങ്കെടുത്തു.

അലനല്ലൂര്‍ മാളിക്കുന്നില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാഞ്ഞിരക്കടവന്‍ മുഹമ്മദ് മുസ്‌ലിയാരുടെ വീട്ടിലെ കിണര്‍ ആണ് ആള്‍മറയോടെ മണ്ണിനടിയിലേക്ക് താഴ്ന്നത്. മോട്ടോറും പമ്പുസെറ്റും ഉള്‍പ്പടെ നഷ്ടമായി. ഇന്ന് രാവിലെ എട്ടരയോടെയായി രുന്നു സംഭവം. 20 കോലോളം ആഴമുള്ള കിണറില്‍ നിറയെ വെള്ളമുണ്ടായിരുന്നു. വീടിന്റെ അടുക്കളയ്ക്ക് സമീപത്താണ് കിണറുണ്ടായിരുന്നത്. കനത്ത മഴയില്‍ മണ്ണ്കുതിര്‍ന്ന് കിണര്‍ അപകടത്തിലാവുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ലത മുള്ളത്ത്, ജില്ലാ ട്രോമാ കെയര്‍ നാട്ടുകല്‍ സ്‌റ്റേഷന്‍ യൂണിറ്റിലെ വളണ്ടിയര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ട്രോമാകെയര്‍ നാട്ടുകല്‍ സ്‌റ്റേഷന്‍ കോര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, പാലക്കാട് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റിയാസുദ്ധീന്‍, നാട്ടുകല്‍ അസി.സ്‌റ്റേഷന്‍ കോഡിനേറ്റര്‍ മണികണ്ഠന്‍, വളണ്ടിയര്‍മാരായ ഇബ്രാഹിം, അബ്ദുറഹീം, റിഷാദ് അലനല്ലൂര്‍, നൗഷാദ് സലാം എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!