മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റേത് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടി കളാണെന്നാരോപിച്ച് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മുന്നില്‍ ജനപ്രതിനിധികളുടെ പ്രതിഷേധ ഒപ്പുമതില്‍ സമരം നടത്തി. 2023-24 വര്‍ഷം അനുവദിക്കാതിരുന്ന മെയിന്റ നന്‍സ് ഗ്രാന്റിലെ 1215കോടിയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക , 2024 മാര്‍ച്ച് 25നകം ട്രഷറിയില്‍ സമര്‍പ്പിച്ച ശേഷം പണം അനുവദിക്കാതെ തിരിച്ചുനല്‍കിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായ അനുവദിക്കുക, ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ഫണ്ട് പോലും തടയുന്ന സമീപനം തിരുത്തുക, ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരത്തു നടത്തിയ സമരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. ജില്ലാ ലീഗ് വൈ.പ്രസിഡന്റ് കല്ലടി അബൂബക്കര്‍ , എല്‍.ജി.എം.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, മണ്ഡലം ലീഗ് സെക്രട്ടറിമാരായ റഷീദ് മുത്തനില്‍ ,കെ.ടി അബ്ദുല്ല, പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി കെ.പി ഉമ്മര്‍ ,ബ്ലോക്ക് മെമ്പര്‍ പി.കുഞ്ഞിമുഹമ്മദ്, വാര്‍ഡ് മെമ്പര്‍മാരായ റഫീന റഷീദ്, നിജോ വര്‍ഗീസ്, ഒ ഇര്‍ഷാദ്, സി.കെ സുബൈര്‍, നസീമ ഐനെല്ലി, റുബീന ചോലക്കല്‍, എം റഷീദ തുടങ്ങിയവര്‍ സംസാരിച്ചു.