മണ്ണാര്‍ക്കാട് : ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ലോറി പൊടുന്നനെ നിന്നുപോയ തോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിപ്പടി കയറ്റത്തില്‍ ആല്‍ത്തറ ഭാഗത്തായാണ് ട്രെയിലര്‍ ലോറി ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് നിന്നു പോയത്. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. പെട്ടെന്ന് കയറി വന്ന കാറില്‍ തട്ടാതിരിക്കാന്‍ ബ്രേക്ക് ചെയ്തതാണ് വാഹനം നിന്നു പോകാന്‍ ഇടയായത്. പിന്നീട് നിരവധി തവണ ശ്രമിച്ചിട്ടും വാഹനം അനങ്ങിയില്ല. ഇതോടെ പാതയുടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരപ്രത്യക്ഷപ്പെട്ടു. വീതി കുറഞ്ഞ ഭാഗത്ത് തന്നെ വാഹനം നിന്നുപോയതിനാല്‍ അരികിലൂടെ ഇരുവശത്തുമുള്ള വാഹനങ്ങളെ കടത്തിവിടുക പ്രയാസകരമായി. നാട്ടുകാരും പൊലിസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്. ഇടവഴികളിലൂടെയും വാഹനങ്ങളെ തിരിച്ചു വിട്ടു. രണ്ടുമണിക്കൂറോളമാണ് ഗതാഗതക്കുരുക്കുണ്ടായത്.പിന്നീട് ക്രെയിനെത്തിച്ച് വാഹനം വലിച്ച് നീക്കി പൊലിസ് സ്റ്റേഷന് സമീപം പാതയോരത്തേക്ക് ഒതുക്കിയിട്ടു. വാഹനത്തില്‍ മറ്റു ലോഡുകളൊന്നുണ്ടായിരുന്നില്ല.