മണ്ണാര്‍ക്കാട് : അക്ഷരങ്ങളും വാക്കുകളും കൂട്ടിവായിക്കാനും എഴുതാനും പഠിക്കുന്ന പ്രായത്തില്‍ കവിത എഴുതി വിസ്മയിപ്പിക്കുകയാണ് പയ്യനെടം ഗവ.എല്‍.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി അജല്‍ കൃഷ്ണ. പതിനഞ്ചോളം കവിതകള്‍ ഇതിനകം ഈ കുഞ്ഞുകവി എഴുതിയിട്ടുണ്ട്. കാഴ്ചകളും അനുഭവങ്ങളുമെല്ലാമാണ് കവിതയാക്കുന്നത്. പൂക്കള്‍ വിളിച്ചിട്ട് വന്നതാണോ ഒപ്പം കളിക്കാന്‍ കൊതിയുണ്ടെന്ന് കുഞ്ഞുകാറ്റിനോട് കൗതുകം പങ്കുവെക്കുന്ന അജലിന് മഴത്തുള്ളിയും മഴവില്ലും, തേന്മാവും അമ്പിളിമാ മനും, സൂര്യനും പൂവും പൂല്‍ക്കൂടും, പച്ചപ്പാടവും പൊന്തെങ്ങുമെല്ലാം കവിതയാകുന്നു. കളിക്കളത്തിനായി പയ്യനെടം സ്കൂള്‍ നടത്തിയ കഠിനശ്രമങ്ങളും ലുലുഗ്രൂപ്പ് ചെയര്‍ മാന്‍ എം.എ.യൂസഫലിയില്‍ നിന്നുള്ള സഹായമെത്തിയതെല്ലാം അജലിന്റെ കവിതയി ലുണ്ട്.
സ്കൂളില്‍ സഹപാഠികള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ ഓടി വന്ന് അജല്‍ പുസ്തക ത്തില്‍ വരികള്‍ കുറിച്ചിടും. അക്ഷരത്തെറ്റും പദങ്ങളുടെ ഘടനയുമൊക്കെ മാറിയിട്ടു ണ്ടാകും. എന്നാലും വായിക്കുമ്പോള്‍ അതൊരു കവിതയായി തോന്നും. പയ്യനെടത്ത് പൂളച്ചിറ വീട്ടില്‍ അനീഷ്കുമാറിന്റെയും രചനയുടെയും മകനാണ് അജല്‍ കൃഷ്ണ. അജല്‍ എഴുതിയ പതിനൊന്ന് കവിതകള്‍ ഉള്‍പ്പെടുത്തിയ കവിതാസമാഹാരം ‘പൂത്തു മ്പികള്‍’ കഴിഞ്ഞദിവസം സ്കൂളില്‍ വെച്ച് സാഹിത്യകാരന് കെ.പി.എസ്.പയ്യനെടം പ്രകാശനം ചെയ്തു.
കയ്യെഴുത്ത് പ്രതി ബൈന്‍ഡ് ചെയ്താണ് നിലവില്‍ പ്രകാശനം ചെയ്തത്. ഇനി അത് പുസ്തക മാക്കാനാണ് പദ്ധതി. പ്രധാന അധ്യാപകന് എം.എന്‍.കൃഷ്ണകുമാര്‍ അധ്യക്ഷനായി. കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗം പി.അജിത്ത്, പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍, വൈസ് പ്രസിഡന്റ് മനോജ് പയ്യനെടം, എം.പി.ടി.എ. പ്രസിഡന്റ് എസ്.നുസൈബ, എസ്.എം.സി. ചെയര്മാന് വി.സത്യന്, അധ്യാപകരായ പി.എ.കദീജ ബീവി, പി.ഡി.സരളാദേവി, വി.പി.ഹംസക്കുട്ടി, എം.ലത തുടങ്ങിയവര്‍ പങ്കെടുത്തു.
