അഗളി: അട്ടപ്പാടിയിലെ അഗളിക്കടുത്ത് മേലെ സാമ്പാര്‍ക്കോട് വനത്തില്‍ നിന്നും പുള്ളിമാനിനെ വേട്ടയാടി ഇറച്ചി കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഒരു നാടന്‍ തോക്കും നൂറ് കിലോയോളം ഇറച്ചി, രണ്ട് മാനിന്റെ തലകള്‍, തോല്, മരുതി കാര്‍, സ്‌കൂട്ടര്‍, രണ്ട് കിലോ ചന്ദനം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അഗളി, ചിറ്റൂര്‍ കൈപ്പന്‍പ്ലാക്കല്‍ സോബിന്‍ എന്ന ദേവസ്യ (42), പെരിന്തല്‍മണ്ണ അരിപ്ര തൊടങ്ങള്‍ വീട്ടല്‍ സമീര്‍ (35), മഞ്ചേരി പാപ്പിനിപ്പാറ കൂരി മണ്ണില്‍ തലാപ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫി, മലപ്പുറം പുല്‍പ്പറ്റ ഷാപ്പിന്‍കുന്ന് പാറ ത്തൊടി വീട്ടില്‍ മുഹമ്മദ് മുസ്തഫ (23), അഗളി സ്വദേശി സിജോ (42) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഒന്നാം പ്രതിയായ റിഷാദ് സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പെട്ടതായി വനപാലകര്‍ പറഞ്ഞു.ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നിക്ഷിപ്ത വനമായ ചാവടിയൂര്‍ മലവാരത്തില്‍പ്പെട്ട മേലെ സാമ്പാര്‍ക്കോട് വനത്തി നുള്ളില്‍ നിന്നാണ് നായാട്ട് സംഘം പിടിയിലായത്. സാധാരണ പരിശോധനക്കിടെ വെടി ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായതത്രെ. നാടന്‍ തോക്കും തിരയും ഉപയോഗിച്ച് രണ്ട് പുള്ളി മാനിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കി കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അട്ടപ്പാടി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അഗളി റെയ്ഞ്ച് ഓഫിസര്‍ സി.സുമേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ആര്‍.സജീവ്, എസ്എഫ്ഒ എന്‍ ആര്‍ രവികുമാര്‍, ബിഎഫ്ഒമാരായ എന്‍ തോമസ്, എസ് ഷഫ്‌ന, വാച്ചര്‍മാരായ കെ കാളി, വി ആര്‍ രാജു, എം നഞ്ചപ്പന്‍, നോയല്‍ തോമസ്, വി കരട്ടി, ടി മുരുകന്‍, മനു ജോസഫ്, ജയകുമാര്‍, എം ഭരതന്‍ എന്നിവരടങ്ങുന്ന സംഘമാണ് വേട്ടക്കാരെ പിടികൂടിയത്.