മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നിന്നും അനധി കൃതമായി മരം മുറിച്ചുമാറ്റിയ സംഭവത്തില്‍ മേലധികാരി ഉള്‍പ്പടെ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മൃഗസംരക്ഷണ – ക്ഷിരവികസന മന്ത്രിക്ക് പരാതിയും നല്‍കി. എത്ര മരങ്ങള്‍ മുറിച്ചു പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 11 മരങ്ങള്‍ അനധികൃതമായി മുറിച്ചു വെന്നാണ് പൊലീസിലുള്ള പരാതി. എന്നാല്‍ 70തിലധികം മരങ്ങള്‍ മുറിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഏതാണ് ശരിയെന്നത് സമഗ്രാന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. മരങ്ങള്‍ മുറിച്ചുകടത്തികൊണ്ടുപോയതിലൂടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടം സര്‍വകലാശാലയ്ക്ക് ഉണ്ടായിട്ടുണ്ട്. സത്യംപുറത്തു വരണമെങ്കില്‍ എല്ലാവരേയും ചുമതലകളില്‍നിന്നും നീക്കി സമഗ്രമായ അന്വേഷണ ത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി, മണ്ഡലം സെക്രട്ടറി എ.കെ. അബ്ദുള്‍ അസീസ്, പി. നൗഷാദ്, വി.രവി, കെ. രവികുമാര്‍, സുരേഷ് കൈതച്ചിറ, ഭാസ്‌ക്കരന്‍ മുണ്ടക്കണ്ണി എന്നിവര്‍ സംസാരിച്ചു.