പാലക്കാട് : താലൂക്ക് പുതുശ്ശേരി ഈസ്റ്റ് സ്മാര്‍ട്ട് വില്ലേജിന്റെ പ്രവേശനവും പട്ടയ മിഷന്റെ ഭാഗമായി 39 കുടുംബങ്ങള്‍ക്ക് പട്ടയ വിതരണവും നടത്തി. പുതുശ്ശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടി എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ഈസ്റ്റ് വില്ലേജ് പരിധിയിലെ കൊങ്ങാംപാറയില്‍ പുറമ്പോക്ക് സ്ഥലത്ത് താമസിക്കുന്ന 39 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാറിന്റെ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെയും പട്ടയ മിഷന്റെയും ഭാഗമായി പട്ടയം വിതരണം ചെയ്തത്.
കേരള വെസ്റ്റഡ് ഫോറസ്റ്റ് ലാന്‍ഡ് ആക്ട് പ്രകാരം 1997 കാലഘട്ടത്തില്‍ പട്ടയം നല്‍കിയതും പിന്നീട് നിക്ഷിപ്ത വനം എന്ന് വില്ലേജ് രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ പുതുശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡ് കുഞ്ചപ്പന്‍ച്ചള്ള എന്ന സ്ഥലത്തെ ഭൂമിക്ക് വനം വകുപ്പില്‍ നിന്ന് നിരാക്ഷേപ പത്രം ലഭ്യമാക്കി 12 കുടുംബങ്ങള്‍ക്ക് നികുതി രശീതും കൈവശ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനുള്ള നടപടിയും സ്വീകരിച്ചു.
പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) റജി പി. ജോസഫ്, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ഭൂരേഖ തഹസില്‍ദാര്‍ വി. സുധാകരന്‍, പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസര്‍ കെ.എം സഹീറുദ്ദീന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.