മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ ട്രോളി ബാഗുകളിലുണ്ടായിരുന്ന മൃത ദേഹാവശിഷ്ടങ്ങള്‍ കൊല്ലപ്പെട്ട ഹോട്ടല്‍ വ്യവസായി തിരൂര്‍ ഏഴൂര്‍ മേച്ചരി സിദ്ദീഖി (58) ന്റേത് തന്നെയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയോടെയാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ബാഗുകള്‍ പുറത്തെടുത്ത് പരിശോധിച്ചത്. സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൊബൈല്‍ഫോണ്‍,സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും സാക്ഷിമൊഴികളുടേയും അടിസ്ഥാന ത്തിലാണ് മൃതദേഹം അട്ടപ്പാടി മേഖലയില്‍ ഉണ്ടെന്ന് വ്യക്തമായതെന്ന് മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസ് പറഞ്ഞു. പൊലിസ് കസ്റ്റഡിയിലെടുത്ത ചിക്കു എന്ന ആഷിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകള്‍ കിടന്ന സ്ഥലം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് കൊല്ലപ്പെട്ട സിദ്ദീഖിന്റെ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായ വിവരം പുറത്തെത്തുന്നത്. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് പൊലിസ് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മലപ്പുറം. അഗളി എന്നിവടങ്ങളില്‍ നിന്നും പൊലിസ് സംഘവും മണ്ണാര്‍ക്കാട് നിന്നുള്ള ഫയര്‍ഫോഴ്‌സുമെത്തിയത്. ചുരത്തില്‍ വ്യൂ പോയിന്റിന് അടുത്ത് ഒമ്പതാം വളവില്‍ 25അടിയോളം താഴ്ചയിലേക്കാണ് രണ്ട് ട്രോളി ബാഗുകള്‍ ഉപേക്ഷിച്ചിരുന്നത്. ഇതില്‍ ഒന്ന് മന്ദംപൊട്ടി ചോലയിലും മറ്റൊന്ന് ചോലയ്ക്ക് മുകളില്‍ പാറക്കെട്ടുകളില്‍ കുടു ങ്ങിയ നിലയിലുമായിരുന്നു. ചുരം പാതയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന തരത്തിലാണ് ബാഗുകള്‍ കിടന്നിരുന്നത്.വടം ഉപയോഗിച്ച് ഫയര്‍ഫോഴ്‌സ് അംഗം താഴെയ്ക്കിറങ്ങിയാണ് ബാഗുകള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് കെട്ടി പുറത്തെടു ത്തത്.ചോലയില്‍ കിടന്നിരുന്ന ബാഗ് നനഞ്ഞിരുന്നതിനാല്‍ ഇത് പാറകള്‍ക്ക് മേല്‍ വെച്ച് വെള്ളം ചേര്‍ന്ന ശേഷമാണ് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് ബന്ദവസ്സാക്കി മുകളിലെക്കെടുത്തത്. ഒരു ബാഗില്‍ അരയ്ക്കു മുകളിലുള്ള ഭാഗവും മറ്റേ ബാഗില്‍ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗവും വസ്ത്രത്തോടെ മുറിച്ച നിലയിലാണ് കണ്ടെത്തിയത്.
ആംബുലന്‍സില്‍ വെച്ച് തുറന്ന ശേഷം മക്കളായ സുഹൈല്‍,ഷിയാസ് എന്നിവരെ കാണിക്കുകയായിരുന്നു.തുടര്‍ന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ സിദ്ദീഖിന്റേതാണെന്ന് സ്ഥിരികരീച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.18നും 19നും ഇടയ്ക്കാണ് മരണം നടന്നതെന്നും .ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ് മാര്‍ട്ടം നടത്തുമെന്നും എസ് പി അറിയിച്ചു. ട്രോളിബാഗുക കളിലാക്കി ചുരത്തില്‍ തള്ളിയ വ്യവസായിയുടെ മൃതദേഹം പുറത്തെടുക്കുന്നതറി ഞ്ഞ് നൂറിലേറെ ആളുകളാണ് സ്ഥലതെത്തിയിരുന്നത്. കൊല്ലപ്പെട്ട സിദ്ദീഖിന്റെ ബന്ധുക്കള്‍,അയല്‍വാസികളുമുള്‍പ്പടെ സ്ഥലത്തെത്തിയിരുന്നു.
അട്ടപ്പാടിയില്‍ താലൂക്ക് തല അദാലത്തില്‍ പങ്കെടുക്കാന്‍ പോകും വഴി ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, എന്‍.ഷംസുദ്ദീന്‍ എംഎല്‍എ എന്നിവരും സ്ഥലത്തെത്തിറങ്ങി സ്ഥിതിവിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പുറമേ മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, തിരൂര്‍ ഡിവൈഎസ്പി ബിജു, സി.ഐ ജിജോ, അഗളി സിഐ സലിം, പുതൂര്‍ എസ് ഐ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രോളി ബാഗുകള്‍ ചുരത്തിലെ താഴ്ചയില്‍ നിന്നും രാവിലെ ഒമ്പത രയോടെ പുറത്തെടുത്തത്.മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം ബാഗുകള്‍ ആംബുലന്‍സില്‍ കയറ്റി പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്കായി പത്തരയോടെ പൊലിസ് സംഘം ചുരമിറങ്ങി.