മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധകേസില്‍ വിധി പറഞ്ഞ മണ്ണാര്‍ക്കാട് ജില്ല സ്‌പെഷല്‍ കോടതി ജഡ്ജി കെ.എം.രതീഷ്‌കുമാറിന് സ്ഥലം മാറ്റം.തൃശ്ശൂര്‍ ജില്ലാ ഫാസ്റ്റ് ട്രാക്ക് കോ ടതി ജഡ്ജിയായാണ് നിയമനം.2022 മെയ് 18നാണ് ജില്ലാ പട്ടികജാതി-പട്ടിക വര്‍ഗ കോ ടതിയില്‍ ജഡ്ജിയായി കെ.എം.രതീഷ്‌കുമാര്‍ സ്ഥാനമേറ്റത്.ജില്ലാ സ്‌പെഷല്‍ ജഡ്ജിയായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സ്ഥലംമാറ്റം.
2016 ഫെബ്രുവരി 26ന് പ്രവര്‍ത്തനമാരംഭിച്ച കോടതിയിലെ ആദ്യത്തെ പ്രമാദമായ കേസിന്റെ വിധി പറയാന്‍ ജഡ്ജി കെ.എം.രതീഷ്‌കുമാറിനായി.വിചാരണ നടപടി ആരംഭിച്ച് ഒരു വര്‍ഷം കൊണ്ട് അന്തിമവാദം പൂര്‍ത്തിയാക്കിയാണ് കേസില്‍ വിധി പ്രസ്താവമുണ്ടായത്.കേസിന്റെ വിചാരണ ഘട്ടങ്ങളില്‍ അസാധരണ നടപടികള്‍ക്ക് കോടതി സാക്ഷ്യംവഹിച്ചിരുന്നു.2009ലാണ് കെ എം രതീഷ് കുമാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.ആലപ്പുഴ സി.ജെ.എം കോടതിയില്‍ മജിസ്‌ട്രേറ്റായിരുന്ന അദ്ദേഹം ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായും കൊട്ടാരക്കരയില്‍ സബ് ജഡ്ജുമായിട്ടുണ്ട്.ഹരിപ്പാട്,നെടുമങ്ങാട്, ഏറ്റുമാനൂര്‍ സെഷന്‍സ് കോടതികളിലെ മജിസ്‌ട്രേറ്റുമായിരുന്നു.
സ്ഥലം മാറി പോകുന്ന ജഡ്ജിക്ക് കോടതി ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.ശിരസ്തദാര്‍ കെ.ഹേമാംബിക അധ്യക്ഷയായി.മുന്‍സിഫ് മജിസ്‌ട്രേറ്റ് കാവ്യ സോമന്‍, പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.ജയന്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂനിയര്‍ സൂപ്രണ്ട് മണികണ്ഠന്‍, യേശുദാസ് മാത്യു, എം.കെ.ഗായത്രി, എ.മനു,എസ്.റസീന, പി.മുഹമ്മദ്, സി.എ.ജംഷീദ് എന്നിവര്‍ സംസാരിച്ചു.