മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് സമാപനം കുറിച്ച് നാളെ ചെട്ടിവേല നടക്കും.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കോവിഡ് കാരണം ചടങ്ങില്‍ മാത്രമായി ഒതുങ്ങിയ ചെട്ടിവേല ഇത്തവണ വര്‍ണാഭമാണ്.ദേശങ്ങളെല്ലാം വേലയ്ക്കായുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു.ചൊവ്വ വൈകീട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെ യാത്രാബലി-താന്ത്രിക ചടങ്ങുകള്‍ നടക്കും.തുടര്‍ന്ന് നാല് മണിക്ക് പഞ്ചവാദ്യത്തോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ക്ഷേത്രത്തത്തിലേക്ക് ആനയിക്കും.ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രം,ധര്‍മ്മര്‍ കോവില്‍,ഓട്ടോസ്റ്റാന്റ് വേല, അരയങ്ങോട്,മാസപ്പറമ്പ്-കൈതച്ചിറ,മുണ്ടക്കണ്ണി,മുക്കണ്ണം,നായാടിക്കുന്ന്,പാറപ്പുറം എതിര്‍പ്പണം ദേശങ്ങളില്‍ നിന്നും വേലകളെത്തും.സാംസ്‌കാരിക ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങും.വൈകീട്ട് ആറിന് ക്ഷേത്രത്തില്‍ ദീപാരാധന നടക്കും.ഏഴ് മണിക്ക് ആറാട്ട് നടക്കും.21 പ്രദക്ഷിണത്തോടെ പൂരത്തിന് കൊടിയിറങ്ങും.