മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരപ്പറമ്പില്‍ നില്‍ക്കുമ്പോള്‍ മരണക്കിണര്‍ അഭ്യാസിയായ മഹാരാഷ്ട്ര സ്വദേശി ജീലാനിയ്ക്കും കുടുംബത്തിനും സ്വന്തം വീട്ടില്‍ നില്‍ക്കുന്ന സുരക്ഷിതത്വമാണ് അനുഭവപ്പെടുക.പ്രതിസന്ധിയിലകപ്പെട്ടാലും കരകയറാന്‍ ഈ മണ്ണ് കൈതരുമെന്നതാണ് ആത്മവിശ്വാസം.ഇക്കുറി കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നാണ് ജീലാനിയും ഭാര്യ ആയിഷ,മക്കളായ സബ്‌നം,ബാബു എന്നിവര്‍ മണ്ണാര്‍ക്കാടെത്തിയത്. മരണക്കിണര്‍ അഭ്യാസത്തിനല്ല.പൂരം കാണാനും പൂരാഘോഷ കമ്മിറ്റി ഭാരവാഹികളെ കണ്ട് നന്ദി പറയാനുമാണ് എത്തിയത്.
ജീലാനിയുടെ സാഹസിക ജീവിതത്തില്‍ വേര്‍പെടുത്താനാകാത്ത സ്‌നേഹനാടിന്റെ പേരാണ് മണ്ണാര്‍ക്കാട്.വര്‍ഷം 2020.കോവിഡ് കൊടുമ്പിരി കൊണ്ടിരുന്ന കാലം.പൂരത്തി ന് മണ്ണാര്‍ക്കാട്ടേക്ക് മരണക്കിണര്‍ അഭ്യാസവുമായി ഉപജീവനം തേടിയെത്തിയതായി രുന്നു ജീലാനിയും കുടുംബവും.തിരികെ പോകാനിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്ന ത്.ഇതോടെ പൂരപ്പറമ്പില്‍ കുടുങ്ങി.ജോലിയില്ല.നാട് അടച്ചിരിക്കുന്നു.മറ്റൊരു ദേശത്തേ ക്ക് പോകാനും വഴിയില്ല.ജീവിതം ദുരിതവലയത്തിലായി.
ജീലാനിയുടെയും കുടുംബത്തിന്റെ സങ്കടം കണ്ട് പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം പുരുഷോത്തമന്റെ നേതൃത്വത്തില്‍ അതിഥി കുടുംബത്തിന് സംരക്ഷണമൊരുക്കുക യായിരുന്നു.ജീലാനിക്കും മകനും ജോലി ശരിയാക്കി നല്‍കി.പൂരപ്പറമ്പില്‍ നിന്ന് വാടക വീട്ടിലേക്ക് താമസം മാറി.പതുക്കെ പതുക്കെ പ്രതീക്ഷകള്‍ ജീലാനിയുടെ കുടുംബ ത്തെയും തേടിയെത്തി.ലോക്ക് ഡൗണ്‍ പൂര്‍ണമായും മാറിയതോടെ ഇവര്‍ വീണ്ടും മരണക്കിണറിലേക്കിറങ്ങി.
മൂന്ന് വര്‍ഷത്തിനിടെ ജീലാനിയും കുടുംബവും പലദേശങ്ങളിലൂടെ സഞ്ചരിച്ചു. താമ സിച്ചു.പക്ഷേ ഇവരെ മണ്ണാര്‍ക്കാട് നിറമനസ്സോടെ നല്‍കിയ സ്‌നേഹവും കരുതലും പിന്തുടര്‍ന്നിരുന്നു.പൂരം അറിഞ്ഞ് തളിപ്പറമ്പില്‍ നിന്നും നേരെ മണ്ണാര്‍ക്കാട്ടേയ്ക്ക് വണ്ടി കയറി.പൂരോഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍,ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന്‍ എന്നിവരെ കണ്ട് നന്ദി പറഞ്ഞു.അപൂര്‍വ്വമായിരുന്നു ഈ സംഗമം.ജീവിതം മണ്ണാര്‍ക്കാട്ടേയ്ക്ക് പറിച്ച് നാടാനാണ് ജീലാനിയുടെ തീരുമാനം. കിട്ടുന്ന വരുമാനമൊക്കെയും ബാങ്കിലിട്ടു.കൈതച്ചിറില്‍ അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങിയിട്ടുണ്ട്.ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ വീട്ടില്‍ സ്ഥിരതാമസമാക്കും.