മണ്ണാർക്കാട്∙ എളമ്പുലാശ്ശേരി ലഫ്.കേണൽ നിരഞ്ജൻ സ്മാരക ഐടിഐയിൽ ട്രെയ്നീസ് കൗൺസിൽ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥികൾക്കു നേരെ ആക്രമണം. ആറു വിദ്യാർഥികൾക്കു പരുക്കേറ്റു. ബാലറ്റ് പേപ്പറുകൾ വലിച്ചു കീറി. തിരഞ്ഞെടുപ്പ് റദ്ദാക്കി. സംഭവത്തിൽ രണ്ട് കേസുകളെടുത്തു. ആക്രമണത്തിനു പിന്നിൽ എസ്എഫ്ഐയെന്ന് കെഎസ്‍യുവും എബിവിപിയും ആരോപിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് പുറത്തു നിന്ന് എത്തിയ ഇരുപത് പേരടങ്ങുന്ന സംഘം ഹാളിലേക്ക് അതിക്രമിച്ചു കയറിയത്. രണ്ട് വനിതാപൊലീസ് ഉൾപ്പെടെ മൂന്നു പൊലീസുകാരാണ് ഐടിഐയിൽ ഉണ്ടായിരുന്നത്.
അക്രമി സംഘത്തെ തടയാനുള്ള പൊലീസിന്റെ ശ്രമം വിഫലമായി. ഇതിനിടെ ഹാളിൽ കയറിയ സംഘം ബാലറ്റുകൾ വലിച്ചു കീറിയെന്നും വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ചുവെന്നും പരുക്കേറ്റവർ പറഞ്ഞു. വിദ്യാർഥികളായ ശബരി, കബീർ, ഋഷികേശ്, ഷാജഹാൻ, നിധിൻ, നിവേദ് എന്നിവരെ പരുക്കുകളോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ശബരി എബിവിപി പ്രവർത്തകനും മറ്റുള്ളവർ കെഎസ്‌യു പ്രവർത്തകരുമാണ്. സംഭവത്തെ തുട്രന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി പ്രിൻസിപ്പൽ എം.അബ്ദുൽ ജലീൽ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് തെങ്ങിൻതോട്ടം, കരിമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രജിത, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.മണികണ്ഠൻ, രാജു കരിയോട് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തി ച്ചത്. വിദ്യാർഥികളുടെ പരാതിയിലും പൊലീസിനെ ആക്രമിച്ചെന്ന പരാതിയിലും കേസെടുത്തു.