മലപ്പുറം: ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ ഈ വര്‍ഷം  റെക്കോര്‍ഡ് നേട്ടം.  2021 ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ്  23 വരെയുള്ള കാലയളവില്‍ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ജില്ലയിലെ 3.5 മെഗാ വാട്ട് ശേഷിയുള്ള ഏക ചെറുകിട ജല വൈദ്യുതി നിലയമായ  ആഢ്യന്‍പാറയില്‍ 84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസത്തെ ഉത്പാദന ശേഷി. ഈ വര്‍ഷം 86,500 യൂണിറ്റിന് മുകളില്‍ വരെ നിലയത്തില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചു. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും, 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ്  പവര്‍ ഹൗസിലുള്ളത്. നിലവില്‍  ഒന്നര മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവര്‍ത്തിക്കുന്നത്. കനത്ത മഴയുള്ള സമയത്ത് മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിക്കും.
2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ 68 ലക്ഷം യൂണിറ്റിനടുത്ത് വൈദ്യുതിയാണ് നിലയത്തില്‍ നിന്ന് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തത്. 90 ലക്ഷം യൂണിറ്റാണ് ഈ നിലയത്തിന്റെ  പ്രതിവര്‍ഷ ഉത്പാദന ശേഷി. തുടര്‍ന്നും മഴ ലഭിക്കുകയാണെങ്കില്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ആര്‍ ഗണദീപന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!